കുവൈത്തിൽ തമ്പ് ക്യാമ്പിങ് സീസൺ നവംബർ 15 മുതൽ

മാർച്ച് 15 വരെയാണ് മരുഭൂമിയിലെ ശൈത്യകാല തമ്പുകളിൽ താമസിക്കുക

Update: 2024-11-06 05:39 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ തമ്പ് ക്യാമ്പിങ് സീസൺ നവംബർ 15 മുതൽ ആരംഭിക്കുന്നു. മാർച്ച് 15 വരെയാണ് മരുഭൂമിയിൽ ശൈത്യകാല തമ്പുകളിൽ താമസിക്കുന്ന സീസൺ. മുനിസിപ്പൽ കൗൺസിലിന്റെ ലീഗൽ ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റി സീസണൽ സ്പ്രിംഗ് ക്യാമ്പുകളുടെ ബൈലോക്ക് അന്തിമരൂപം നൽകി. മുൻസിപ്പാലിറ്റി നിർണയിച്ചു നൽകിയ മരുപ്രദേശങ്ങളിൽ മാത്രമാണ് തമ്പുകൾ പണിയാൻ അനുമതിയുള്ളത്.

മന്ത്രാലയങ്ങൾ, ഗവൺമെൻറ് ഏജൻസികൾ, സ്വകാര്യ കമ്പനികൾ, പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ എന്നീവർക്ക് സ്പ്രിംഗ് ക്യാമ്പുകൾ നടത്താൻ അനുവാദമുണ്ട്.

ക്യാമ്പിംഗ് നിയമങ്ങൾ ലംഘിക്കുകയോ അനുമതിയില്ലാതെ ശൈത്യകാല ക്യാമ്പുകൾ സ്ഥാപിക്കുകയോ ചെയ്യുന്നവർക്ക് 3,000 മുതൽ 5,000 ദിനാർ വരെ പിഴ ചുമത്തും. സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റി തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ചെറുകിട, ഇടത്തരം ബിസിനസുകൾക്കും റസ്റ്റോറന്റ്, കഫേ മേഖലകളിലെ കമ്പനികൾക്കും ക്യാമ്പിംഗ് ഏരിയയിൽ പ്രത്യേക സ്ഥലങ്ങൾ ഉപയോഗിക്കാൻ അനുവദിക്കും.

കോഫി ഷോപ്പുകൾ, ജ്യൂസുകൾ, റിഫ്രഷ്മെന്റുകൾ, ലഘുഭക്ഷണങ്ങൾ എന്നിവയാണ് വാണിജ്യ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി അനുവദിക്കുക.

തണുപ്പാസ്വദിച്ചു കൊണ്ട് മരുഭൂമിയിൽ രാപാർക്കൽ അറബികളുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ സ്ഥലം നിർണയിച്ചിട്ടുണ്ട്. വ്യവസ്ഥകൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഊർജ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾക്ക് തമ്പുകളിൽ ഊർജ വിതരണ സേവനങ്ങൾ നൽകുന്നതിന് ലൈസൻസ് അനുവദിച്ചിട്ടുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News