കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് പിന്‍വലിച്ചു
എന്നാല്‍ ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് വിമാന ഷെഡ്യൂളുകൾക്ക് ഡിജിസിഎ ഇതുവരെ അനുമതി നൽകിയിട്ടില്ല .
കോവിഡ് പശ്ചാത്തലത്തിൽ വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കുവൈത്ത് പിൻവലിച്ചു. ആദ്യദിനം അറബ്-യൂറോപ്യൻ പൗരന്മാരാണ് എത്തിയത്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ മടക്കം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
തുർക്കിയിൽനിന്നും ഖത്തറിൽ നിന്നുമുള്ള വിമാനങ്ങളാണ് വിദേശി യാത്രക്കാരുമായി കുവൈത്തില്‍ ആദ്യമെത്തിയത് . ഈജിപ്ത് ലെബനൻ, ജോർദാൻ, മൊറോക്കോ , ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് ആദ്യദിനം വിമാനമിറങ്ങിയത്. യാത്രാനിബന്ധനകളിൽ വീഴ്ച വരുത്തിയ ഏതാനും യാത്രക്കാരെ തിരിച്ചയച്ചതായി വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് വിമാന ഷെഡ്യൂളുകൾക്ക് ഡിജിസിഎ ഇതുവരെ അനുമതി നൽകിയിട്ടില്ല . എന്നാൽ ഇമ്മ്യൂൺ ആപ്പിൽ വാക്‌സിനേറ്റഡ് സ്റ്റാറ്റസ് ലഭിച്ച ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വഴി കുവൈത്തിലേക്ക് വരാമെന്നും മറ്റൊരു രാജ്യത്ത് ക്വാറന്‍റൈൻ ഇരിക്കേണ്ടെന്നും ഡിജിസിഎ മേധാവി എൻജിനീയർ യൂസഫ് അൽ ഫൗസാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു .
എന്നാൽ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യ ഉൾപ്പെടെ അഞ്ചുരാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മറ്റൊരു രാജ്യത്ത് 14 കഴിഞ്ഞ ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ആളുകളിൽ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട് . വിഷയത്തിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ എയർലൈൻ കമ്പനികൾ ഇന്ത്യക്കാരുടെ ടിക്കറ്റ് ബുക്കിങ്ങും നിർത്തിവെച്ചിരിക്കുകയാണ് . വാക്സിൻ സർട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കാത്തതും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.