കുടുംബ സന്ദർശന വിസ പുനരാരംഭിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു
കുവൈത്തിൽ കുടുംബ സന്ദർശനവിസ പുനരാരംഭിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കുടുംബ സന്ദർശന വിസയിൽ എത്തിയ നിരവധി വിദേശികൾ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു തുടരുന്നതായി കണ്ടെത്തിയതാണ് വിസ വിതരണം നിർത്താൻ കാരണമായതെന്നു സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി.
250 ദിനാറിനു മുകളിൽ ശമ്പളമുള്ള വിദേശ താമസക്കാരുടെ ഫസ്റ്റ് ഡിഗ്രി കുടുംബാംഗങ്ങൾക്കാണ് കുവൈത്ത് കുടുംബസന്ദർശന വിസ അനുവദിച്ചിരുന്നത്. കോവിഡിന് ശേഷം 500 ദീനാറിന് മുകളിൽ ശമ്പളമുള്ളവർക്ക് അതും ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ മാത്രമായിരുന്നു ഫാമിലി വിസിറ്റ് വിസ നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ ജൂൺ 27 മുതൽ കുടുംബ സന്ദർശനവിസ പൂർണമായും നിർത്തി. വിസ വിതരണത്തിന് പുതിയ മെക്കാനിസം നടപ്പാക്കുന്നതിന്റെ ഭാഗമെന്നായിരുന്നു ആഭ്യന്തരമന്ത്രാലയം നൽകിയിരുന്ന വിശദീകരണം.
എന്നാൽ നേരത്തെ കുടുംബസന്ദർശനവിസയിൽ എത്തിയ ഇരുപതിനായിരത്തോളം വിദേശികൾ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാതെ രാജ്യത്തു തുടരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് സന്ദർശനവിസ നൽകുന്നത് നിർത്തിയതെന്നാണ് പുതിയ റിപ്പോർട്ട്.
വിസ വിതരണം ഇനി എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ആഭ്യന്തര മന്ത്രിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. സന്ദർശകർ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോയില്ലെങ്കിൽ സ്‌പോൺസർക്ക് പിഴ ചുമത്തുകയും സർക്കാർ സേവനങ്ങൾ വിലക്കുകയും ചെയ്യുന്ന സംവിധാനം നടപ്പാക്കാൻ അധികൃതർ ആലോചിക്കുന്നതായും താമസകാര്യവകുപ്പ് വൃത്തങ്ങൾ വെളിപ്പെടുത്തി. നിലവിൽ, കുടുംബസന്ദർശനത്തിനുള്ള മൂന്നു മാസകാലാവധിയുള്ള വിസ മാത്രമാണ് നിർത്തലാക്കിയിട്ടുള്ളത്. വാണിജ്യാവശ്യാർത്ഥമുള്ള സന്ദർശനത്തിന് ഇപ്പോഴും വിസ അനുവദിക്കുന്നുണ്ട്.