കുവൈത്തില്‍ വോട്ട് കച്ചവടം; പത്ത് പേര്‍ അറസ്റ്റില്‍
വോട്ടർമാരെ സ്വാധീനിക്കൽ, വോട്ട് വാങ്ങൽ എന്നിവക്കെതിരെ കര്‍ശന നിരീക്ഷണവുമായി അഭ്യന്തര മന്ത്രാലയം രംഗത്തെത്തി
കുവൈത്ത് സിറ്റി: കുവൈത്തില്‍ വോട്ട് കച്ചവടം. പത്ത് പേര്‍ അറസ്റ്റിലായി. വോട്ടർമാരെ സ്വാധീനിക്കൽ, വോട്ട് വാങ്ങൽ എന്നിവക്കെതിരെ കര്‍ശന നിരീക്ഷണവുമായി അഭ്യന്തര മന്ത്രാലയം രംഗത്തെത്തി. അനധികൃത വോട്ട് വാങ്ങലിനെ കുറിച്ച് വിവരം ലഭിക്കുന്നവർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഹോട്ട് ലൈനിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
വോട്ട് കച്ചവടത്തിലേർപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ വോട്ട് കച്ചവടത്തിലേർപ്പെട്ട പത്ത് പേരെ അറസ്റ്റ് ചെയ്തു.പരിശോധനയിൽ കൈമാറ്റത്തിനായി നീക്കിവെച്ച പണവും വോട്ടർ ലിസ്റ്റും പിടിച്ചെടുത്തു.
വോട്ടാവശ്യപ്പെട്ടും പകരം പണം വാഗ്ദാനം ചെയ്തും നിയമവിരുദ്ധമായി വോട്ട് കച്ചവടം നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. പ്രതികളെ ചോദ്യം ചെയ്യാനായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. വോട്ടിന് പകരം പണവും ഉപഹാരങ്ങളും നൽകുന്നത് അഞ്ച് വർഷം വരെ തടവും 5000 ദിനാർ വരെ പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.ജൂൺ ആറിന് 50 അംഗ സീറ്റിലേക്ക് നടക്കുന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിൽ 254 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. അഞ്ചു മണ്ഡലങ്ങളിൽനിന്നായി 10 പാര്‍ലിമെന്റ് അംഗങ്ങള്‍ വീതമാണ് തെരഞ്ഞെടുക്കുക.