വെസ്റ്റ് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ബസറയിൽ തുടക്കം
കുവൈത്തിൽനിന്ന് പങ്കെടുക്കുന്നത് 18 പുരുഷ-വനിതാ താരങ്ങൾ
Update: 2024-05-30 06:43 GMT
കുവൈത്ത് സിറ്റി:വെസ്റ്റ് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇറാഖിലെ ബസറയിൽ തുടക്കം. കുവൈത്തിൽനിന്ന് 18 പുരുഷ-വനിതാ താരങ്ങളും എട്ട് പരിശീലകരും അടങ്ങുന്ന പ്രതിനിധി സംഘമാണ് ടൂർണമെൻറിൽ പങ്കെടുക്കുന്നത്. കുവൈത്ത് അത്‌ലറ്റിക്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് മുഹ്സെൻ അൽ അജ്മിയുടെ നേതൃത്വത്തിലാണ് സംഘം പങ്കെടുക്കുന്നത്. അഞ്ചാമത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 13 രാജ്യങ്ങൾ പങ്കെടുക്കും.
ഇറാഖിലെ യുവജന-കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ബസറ പാം ട്രങ്ക്, അൽ ഹൈഫ സ്‌റ്റേഡിയങ്ങളിലാണ് മത്സരം നടക്കുക. 29ന് തുടങ്ങിയ ടൂർണമെൻറ് ജൂൺ ഒന്ന് വരെ നീണ്ടു നിൽക്കും. കുവൈത്തിനും ആതിഥേയരായ ഇറാഖിനും പുറമേ ഖത്തർ, സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ, യു.എ.ഇ, ലെബനോൻ, ജോർദാൻ, ഫലസ്തീൻ, യമൻ, ഇറാൻ, സിറിയ എന്നീ രാജ്യങ്ങളും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.