വൈദ്യുതി മുടക്കത്തിനിടെ ലിഫ്റ്റിൽ കുടുങ്ങിയാൽ എന്ത് ചെയ്യണം?
പ്രധാന കാര്യം ശാന്തത പാലിക്കുകയും പ്രൊഫഷണൽ സഹായത്തിനായി കാത്തിരിക്കുകയുമാണ്
കുവൈത്ത് സിറ്റി: കുവൈത്തിൽ പവർകട്ടുകൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലോ എലിവേറ്റർ തകരാറുകൾ ഉണ്ടാകുമ്പോഴോ ലിഫ്റ്റിൽ കുടുങ്ങുന്നവർ എങ്ങനെ സുരക്ഷിതമായിരിക്കണമെന്നും സാഹചര്യം എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യണമെന്നും അറിയേണ്ടത് നിർണായകമാണ്. വൈദ്യുതി മുടക്കം ഉണ്ടാകുമ്പോൾ ലിഫ്റ്റിൽ കുടുങ്ങിയാൽ എന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള നിർദേശങ്ങളിതാ...
ശാന്തത പാലിക്കുക, പരിഭ്രാന്തി ഒഴിവാക്കുക
ശാന്തത പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പരിഭ്രാന്തി ആശയക്കുഴപ്പത്തിലേക്ക് നയിക്കുകയും അകപ്പെട്ടവരെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയും ചെയ്യും. ദീർഘ ശ്വാസം എടുത്ത് സഹായം ഉടൻ എത്തുമെന്ന് സ്വയം ഓർമിപ്പിക്കുക.
അലാറം ബട്ടൺ അമർത്തുക
ലിഫ്റ്റുകളിൽ അത്യാഹിതങ്ങൾക്കായി അലാറം ബട്ടൺ സജ്ജീകരിച്ചിട്ടുണ്ടാകും. ഈ ബട്ടൺ അമർത്തുന്നത് സഹായം ആവശ്യപ്പെടുന്ന വിവരം ബന്ധപ്പെട്ടവർക്ക് നൽകും. നിങ്ങളുടെ സാഹചര്യത്തെക്കുറിച്ച് ബിൽഡിംഗ് മാനേജ്‌മെന്റിനെയോ അടിയന്തിര സേവന സംവിധാനങ്ങളെയോ അറിയിക്കും.
ലിഫ്റ്റിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുന്നത് ഒഴിവാക്കുക
ലിഫ്റ്റിന്റെ വാതിൽ തുറക്കാൻ പലരും ശ്രമിക്കാൻ സാധ്യതയുണ്ട്. ഇത് വളരെ അപകടകരമാണ്. ലിഫ്റ്റ് അപ്രതീക്ഷിതമായി നീങ്ങിയാൽ ഈ നടപടി പരിക്കിന് കാരണമാകും. സാഹചര്യം കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച പ്രൊഫഷണലുകൾക്കായി കാത്തിരിക്കുന്നതാണ് നല്ലത്.
എമർജൻസി നമ്പർ 112 ലേക്ക് വിളിക്കുക
അലാറം ബട്ടൺ പ്രവർത്തിക്കുന്നില്ലെന്ന് തോന്നിയാലോ നിങ്ങളുടെ പക്കൽ മൊബൈൽ ഫോൺ ഉണ്ടെങ്കിലോ, എമർജൻസി നമ്പറിൽ 112 വിളിക്കുക. നിങ്ങളുടെ ലൊക്കേഷനും സാഹചര്യത്തെക്കുറിച്ചുള്ള വിശദാംശങ്ങളും അവർക്ക് നൽകുക. ഇത്തരം സംഭവങ്ങളിൽ ഉടനടി പ്രതികരിക്കാൻ എമർജൻസി സർവീസുകൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.
സമ്മർദ്ദം ഒഴിവാക്കാൻ ഇരിക്കുക
ലിഫ്റ്റിന്റെ തറയിൽ ഇരിക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും ഊർജ്ജം സംരക്ഷിക്കാനും സഹായിക്കും. പെട്ടെന്നുള്ള ചലനങ്ങളുണ്ടായാൽ സുരക്ഷിതമായ സ്ഥാനം കൂടിയാണിത്. ഇരിക്കുക, സഹായത്തിനായി ക്ഷമയോടെ കാത്തിരിക്കുക.
ഈ ഘട്ടങ്ങൾ പാലിക്കുന്നതിലൂടെ, നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയും. ഓർക്കുക, പ്രധാന കാര്യം ശാന്തത പാലിക്കുകയും പ്രൊഫഷണൽ സഹായത്തിനായി കാത്തിരിക്കുകയുമാണ്.പ്രധാന കാര്യം ശാന്തത പാലിക്കുകയും പ്രൊഫഷണൽ സഹായത്തിനായി കാത്തിരിക്കുകയുമാണ്