കുവൈത്തില്‍ മയക്കുമരുന്നിനെതിരെ ശക്തമായ നടപടിയുമായി ആഭ്യന്തര മന്ത്രാലയം
അടുത്തിടെയായി വൻ തോതിൽ മയക്കുമരുന്നുകളാണ് രാജ്യത്ത് നിന്നും അധികൃതർ പിടികൂടിയത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്നിനെതിരെ ശക്തമായ നടപടിയുമായി ആഭ്യന്തര മന്ത്രാലയം. അടുത്തിടെയായി വൻ തോതിൽ മയക്കുമരുന്നുകളാണ് രാജ്യത്ത് നിന്നും അധികൃതർ പിടികൂടിയത്. രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് റിഹാബ് ഏരിയയില്‍ നടത്തിയ പരിശോധനയില്‍ 5 ലിറ്റർ ഗാമാ ഹൈഡ്രോക്സി ബ്യൂട്ടിക്കുമായി സ്വദേശിയെ പിടികൂടി.
ശസ്ത്രക്രിയയ്ക്ക് മുമ്പ് മയക്കത്തിനായി ആശുപത്രികളിൽ ഉപയോഗിക്കുന്നതാണ് ഗാമാ ഹൈഡ്രോക്സിബ്യൂട്ടിക്. എന്നാൽ, ലഹരിക്കായും ഇവ ചിലർ ഉപയോഗിക്കുന്നുണ്ട്. അതിനിടെ ലിറ്റർ കണക്കിന് ജിഎച്ച്ബിയും ലിറിക്ക ഗുളികളും പാക്കേജിങ് സാമഗ്രികളുമായി അഞ്ച് പേരെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.
അറസ്റ്റ് ചെയ്ത പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മയക്കുമരുന്നിനെതിരെ രാജ്യത്ത് ശക്തമായ നടപടി നടന്നുവരികയാണ്. അമേരിക്കൻ എഫ്ഡിഎയും യുഎൻ ഏജൻസികളും ജിഎച്ച്ബിക്കെതിരെ മുന്നറിയിപ്പ് നൽകുകയും ലോകമെമ്പാടും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ജിഎച്ച്ബിക്കെതിരെ ജാഗ്രത പാലിക്കാനും രാജ്യത്ത് ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാനും ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അഭ്യർഥിച്ചു.