കോവിഡ് സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും തിയതിയും; ഗൾഫ് പ്രവാസികൾക്ക് ആശ്വാസം

നാളെ മുതൽ പുതിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൽകും

Update: 2021-06-19 18:43 GMT
Editor : Shaheer | By : Web Desk
Advertising

പ്രവാസികളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും തിയതിയും കൂടി ചേർക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചതോടെ പ്രവാസികൾക്ക് ആശ്വാസം. നാളെ മുതലാണ് പുതിയ സർട്ടിഫിക്കറ്റ് ലഭ്യമാവുക. നേരത്തെ സർട്ടിഫിക്കറ്റ് എടുത്തവർക്ക് പുതിയ സർട്ടിഫിക്കറ്റ് നൽകും.

വിദേശത്ത് പോകുന്നവർക്കായി നിലവിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നുണ്ട്. ക്വാറന്റൈൻ ഒഴിവാക്കാൻ ഇതല്ലാത്ത ഒരു വഴിയും ഗൾഫ് രാജ്യങ്ങൾ അനുവദിക്കുന്നില്ല. വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും ഒന്ന്, രണ്ട് ഡോസുകൾ സ്വീകരിച്ച തിയതിയുമില്ലാത്തതു കാരണം ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങൾ സ്വീകരിച്ചിരുന്നില്ല. മീഡിയവൺ അടക്കം ഈ വാർത്ത നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പ്രവാസികളുടെ പ്രതിസന്ധി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ നടപടി.

ഇതിനായുള്ള ഇ-ഹെൽത്തിന്റെ പോർട്ടലിൽ അപ്‌ഡേഷൻ നടത്തിവരികയാണ്. അടുത്ത ദിവസം മുതൽ തന്നെ ബാച്ച് നമ്പറും തിയതിയും ചേർത്ത പുതിയ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. നേരത്തെ സർട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പറും തിയതിയും ആവശ്യമുള്ളവർക്ക് അവകൂടി ചേർത്ത് പുതിയ സർട്ടിഫിക്കറ്റ് നൽകും. സർട്ടിഫിക്കറ്റ് എടുത്തവർ സംസ്ഥാന സർക്കാരിന്റെ പോർട്ടലിൽ കയറി പഴയ സർട്ടിഫിക്കറ്റ് കാൻസൽ ചെയ്യണം. ഇതിനുശേഷമാണ് പുതിയതിന് അപേക്ഷിക്കേണ്ടത്. ശേഷം മുമ്പ് ബാച്ച് നമ്പറും തിയതിയുമുള്ള കേന്ദ്ര സർക്കാറിന്റെ കോവിൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവർ അത് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.

കോവിൻ പോർട്ടലിൽനിന്ന് സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ വാക്സിൻ എടുത്ത കേന്ദ്രത്തിൽനിന്ന് ബാച്ച് നമ്പറും തിയതിയും കൂടി എഴുതിവാങ്ങിയ സർട്ടിഫിക്കറ്റാണ് അപ്‌ലോഡ് ചെയ്യേണ്ടത്. സമർപ്പിക്കപ്പെട്ട അപേക്ഷകൾ പരിശോധിച്ച് തിയതിയും ബാച്ച് നമ്പറുമുള്ള പുതിയ സർട്ടിഫിക്കറ്റ് നൽകും. അപേക്ഷിച്ചവർക്ക് തന്നെ പിന്നീട് സർട്ടിഫിക്കറ്റ് ഈ പോർട്ടലിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഇപ്പോൾ വാക്സിൻ എടുത്ത് വിദേശത്ത് പോകുന്നവർക്ക് ഉടൻതന്നെ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ പോർട്ടലിൽ വരുത്തിയിട്ടുണ്ട്.

വാക്സിൻ നൽകിക്കഴിയുമ്പോൾ വ്യക്തിയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, സർട്ടിഫിക്കറ്റ് നമ്പർ അടങ്ങിയ എസ്എംഎസ് ലഭിക്കും. ഉടൻതന്നെ അവർക്ക് പോർട്ടലിൽനിന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. കൂടുതൽ സംശയങ്ങൾക്ക് ദിശ 1056, 104 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പുതിയ നീക്കം പ്രവാസികൾക്ക് ഗുണകരമാകും.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News