അനുമതിയില്ലാത്തയിടങ്ങളിൽ ഗ്രില്ലിങ് ചെയ്താൽ 100 റിയാൽ പിഴ; മുന്നറിയിപ്പുമായി മസ്‌കത്ത് മുൻസിപ്പാലിറ്റി
പരിസ്ഥിതി സംരക്ഷണവും പൊതു ജനാരോഗ്യവും പരിഗണിച്ചാണ് മുൻസിപ്പാലിറ്റിയുടെ നടപടി
മസ്കത്ത്: പൊതുസ്ഥലങ്ങളിലും അനുമതിയില്ലാത്തയിടങ്ങളിലും തീകൂട്ടുന്നതും ഗ്രില്ലിങ്ങും വിലക്കി കുവൈത്ത് മുൻസിപ്പാലിറ്റി. ഇത് ലംഘിക്കുന്നവർക്ക് 100 റിയാൽ പിഴ ചുമത്തും. ഇതുകൂടാതെ ഈ പ്രവൃത്തി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും ലംഘകർ ഉത്തരവാദിയാകും. പരിസ്ഥിതി സംരക്ഷണവും പൊതു ജനാരോഗ്യവും പരിഗണിച്ചാണ് മുൻസിപ്പാലിറ്റിയുടെ നടപടി.
നേരത്തെ ഈദ് അവധിയുമായി ബന്ധപ്പെട്ട് ഗാർഡൻ, പാർക്കുകൾ, ബീച്ചുകൾ, പച്ചപ്പുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബാർബക്യൂ ചെയ്യുന്നത് മുൻസിപ്പാലിറ്റി വിലക്കിയിരുന്നു. കൂടാതെ നിയുക്ത സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാമെന്നും അധികൃതർ നിർദേശിച്ചു.
പൊതുസ്ഥലങ്ങളിൽ ഗ്രില്ലിങ് ചെയ്യുന്നത് നിരവധി പ്രശ്‌നങ്ങൾക്ക് വഴിവെക്കാറുണ്ട്. പൊതുസ്വത്തിന് കേടുപാടുകൾ സംഭവിക്കുക, പച്ചപ്പുള്ള സ്ഥലങ്ങൾ കത്തിപോവുക, സുഖകരമല്ലാത്ത മണവും പുകയും കാരണം സന്ദർശകർക്കും താമസക്കാർക്കും ബുദ്ധിമുട്ടുണ്ടാവുക എന്നിവ ഇതിൽ ചിലതാണ്.