മസ്കത്തിലെയും പരിസര പ്രദേശങ്ങളിലെയും ഏഴ് ഇന്ത്യൻ സ്കൂളുകളില്‍ പ്രവേശനം നേടിയത് 4677 കുട്ടികൾ
മസ്കത്ത് ഇന്ത്യൻ സ്കൂളിൽ ആണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയത്
മസ്കത്ത്: മസ്കത്തിലെയും പരിസര പ്രദേശങ്ങളിലെയും ഏഴ് ഇന്ത്യൻ സ്കൂളിൽ ഈ വർഷം പ്രവേശനം നേടിയത് 4677 കുട്ടികൾ. കെ.ജി മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലാണ് ഇത്രയും വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകിയത്.
മസ്കത്ത് ഇന്ത്യൻ സ്കൂളിൽ ആണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയത്. ഈ വർഷം പൂർണമായും ഓൺ ലൈൻ രീതിയിലായിരുന്നു പ്രവേശനത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചിരുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് അപേക്ഷ സമർപ്പിക്കാനും അപേക്ഷാ ഫീസ് അടക്കാനും സ്കൂളുകളെ സമീപിക്കുന്ന രീതി ഒഴിവാക്കിയത് രക്ഷിതാക്കൾക്ക് സഹായമായി.
ഒമാനിലെ തലസ്ഥാന നഗരിയിലുള്ള പുതിയ കുട്ടികളുടെ പ്രവേശനം കോവിഡിന് മുമ്പുള്ള നിലയിലേക്ക് എത്തി. കഴിഞ്ഞ രണ്ട് വർഷമായി കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. 2021ൽ 2530 കുട്ടികൾ മാത്രമായിരുന്നു സ്കൂളിൽ പ്രവേശനം നേടിയിരുന്നത്. 2020ൽ 3,744 കുട്ടികൾക്കായിരുന്നു അഡ്മിഷൻ ലഭിച്ചിരുന്നത്. കോവിഡ് കാരണം നാട്ടിലേക്ക് തിരിച്ച നിരവധി പേർ ഒമാനിലേക്ക് തിരിച്ചെത്തിയതാണ് പ്രവേശകരുടെ കോവിഡിന് മുമ്പുള്ള നിലയിലേക്ക് എത്താൻ കാരണമായത്.
ഈ അധ്യായന വർഷം മൊത്തം 4,677 കുട്ടികളാണ് പ്രവേശനം നേടിയത്. കോവിഡിന് മുമ്പ് 2018 ൽ 4,400 കുട്ടികൾ പ്രവേശനം നേടിയിരുന്നു. 150 റിയാലിൽ കുറഞ്ഞ മാസ വരുമാനമുള്ളവർക്ക് ഫീസിളവുകളും നൽകുന്നുണ്ട്.