മബേലയിൽ പുതിയ പാർക്കും സ്വീറ്റ് ഫാക്ടറിയും വരുന്നു
മസ്‌കത്ത് മുനിസിപാലിറ്റിയും സൗദ് ബിൻ ഹിലാൽ അൽ സബ്രി കമ്പനിയും കരാറിൽ ഒപ്പുവെച്ചു
മസ്‌കത്ത്: മസ്‌കത്ത് മുനിസിപ്പാലിറ്റി പൊതു-വാണിജ്യ സൗകര്യങ്ങളോടുകൂടിയ രൂപകൽപ്പനയിലുള്ള പാർക്കിന്റെ നിർമ്മാണത്തിനായി സൗദ് ബിൻ ഹിലാൽ അൽ സബ്രി കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചു. മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദിയും ദിവാനിയ ഒമാനി സ്വീറ്റ്‌സ് ഉടമ സൗദ് ബിൻ ഹിലാൽ അൽ സബ്രിയുമാണ് കരാർ ഒപ്പുവെച്ചത്.
സൗത്ത് മബേലയിലെ 31,182 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മുനിസിപൽ സ്ഥലം 20 വർഷത്തേക്ക് പാട്ടത്തിനെടുക്കുന്നതിനാണ് കരാർ. പൊതുജനങ്ങൾക്ക് വിനോദം നൽകുന്നതിനായി രൂപകൽപ്പന ചെയ്ത വിവിധ സൗകര്യങ്ങളോടെയുള്ള പാർക്ക് സ്ഥാപിക്കുന്നതിനാണ് സ്ഥലം പാട്ടത്തിനെടുക്കുന്നത്. നടപ്പാതകളും, സൈക്കിൾ പാതകളും, കുട്ടികളുടെ കളിസ്ഥലങ്ങളും, സ്‌പോർട്‌സ് കോർട്ടുകളും ,ആംഫി തിയേറ്ററും ഇവന്റ് സ്ഥലങ്ങളും ചെറുകിട ഇടത്തരം സംരംഭങ്ങൾ നടത്തുന്ന കിയോസ്‌കുകളും, കഫേകളും ഉൾപ്പെടെയാണ് പാർക്കിന്റെ സവിശേഷതകൾ. കൂടാതെ, റെസ്റ്റ് റൂമുകൾ, കാർ പാർക്ക്, പ്രാർത്ഥനാ സ്ഥലങ്ങൾ എന്നിവ പോലുള്ള സേവന സൗകര്യങ്ങൾ പാർക്കിലുണ്ടാകും.
പൊതു റോഡിനോട് ചേർന്നുള്ള പ്ലോട്ടിന്റെ ഒരു ഭാഗം ദിവാനിയ ഒമാനി സ്വീറ്റ്‌സ് ഫാക്ടറി സ്ഥാപിക്കുന്നതിനായി നീക്കിവെക്കും. സന്ദർശകർക്ക് ഒമാനി മധുരപലഹാരങ്ങളുടെ നിർമ്മാണ രീതികളും ചേരുവകളും നേരിട്ട് കാണാനുള്ള അവസരം ഫാക്ടറിയിൽ ഉണ്ടായിരിക്കും.