യുവ ഗവേഷകർക്കുള്ള അലക്‌സോ ഇന്നോവേഷൻ അവാർഡ് ഒമാനി ഗവേഷകക്ക്
ഗ്രീൻ എക്കോണമി പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിച്ചതിന് ഡോ. ഹുദ മുബാറക് അൽ ദൈരിക്കാണ് അവാർഡ് ലഭിച്ചത്
Update: 2024-11-11 01:59 GMT
മസ്കത്ത്: യുവ ഗവേഷകർക്കായുള്ള അറബ് ലീഗ് എജ്യുക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷൻ (അലക്‌സോ) ഇന്നോവേഷൻ അവാർഡ് ഒമാനി ഗവേഷകക്ക്. ഗ്രീൻ എക്കോണമി പ്രോത്സാഹിപ്പിക്കുന്നതിലുള്ള പ്രവർത്തനത്തിനാണ് ഡോ. ഹുദ മുബാറക് അൽ ദൈരിക്ക് അവാർഡ് ലഭിച്ചത്.
'വിദ്യാഭ്യാസത്തിൽ ഗ്രീൻ എക്കോണമിയെ അംഗീകരിക്കുന്നതിലും വിഷൻ 2024 ന്റെ ലക്ഷ്യങ്ങളിലൊന്നായി അതിനെ സജീവമാക്കുന്നതിലും സർക്കാർ സ്‌കൂൾ പ്രിൻസിപ്പൽമാരുടെയും അധ്യാപകരുടെയും പങ്ക്' എന്ന ഗവേഷണത്തിനാണ് അവാർഡ് ലഭിച്ചത്.
സാങ്കേതികവിദ്യയിലും ശ്രാസ്ത്രത്തിലും മികവ് പുലർത്തുന്ന അറബ് ഗവേഷകരെ പ്രചോദിപ്പിക്കാനും പിന്തുണക്കാനുമുള്ള അലക്‌സോയുടെ താൽപര്യത്തെയാണ് അവാർഡ് പ്രതിഫലിപ്പിക്കുന്നത്. അറബ് യുവതക്കിടയിൽ ഗവേഷണസംസ്‌കാരം പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് അലക്‌സോ അവാർഡ് നൽകുന്നത്.