ഒമാനിൽ പ്രകൃതിവാതക ഉപയോഗത്തിൽ വർധന
വാതക ഉപയോഗത്തിന്റെ 61.4 ശതമാനം വ്യാവസായിക പദ്ധതികൾക്ക്
മസ്‌കത്ത്: പ്രകൃതിവാതക ഉപയോഗത്തിൽ വർധനവുമായി ഒമാൻ. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രാകാരം പ്രകൃതി വാതക മേഖലയിൽ ഒമാന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനവും ഇറക്കുമതിയും 2024 സെപ്റ്റംബർ അവസാനത്തോടെ 42.222 ബില്യൺ ക്യുബിക് മീറ്ററിലെത്തിയിട്ടുണ്ട്. 2023ലെ ഇതേ കാലയളവിലെ 40.88 ബില്യൺ ക്യുബിക് മീറ്ററിൽ നിന്ന് നാല് ശതമാനം വർധനവാണ് കാണിക്കുന്നത്.
വ്യാവസായിക പദ്ധതികളാണ് പ്രധാന ഉപഭോക്താക്കൾ, വാതക ഉപയോഗത്തിന്റെ 61.4 ശതമാനം വ്യാവസായിക പദ്ധതികൾക്കാണ് ചെലവഴിക്കുന്നത്. അതായത് 25.922 ബില്യൺ ക്യുബിക് മീറ്റർ. എണ്ണപ്പാടങ്ങളിലെ വാതക ഉപയോഗം 8.88 ബില്യൺ ക്യുബിക് മീറ്ററിലെത്തിയിട്ടുണ്ട്. വൈദ്യുതി ഉൽപാദന സ്റ്റേഷനുകളിൽ 7.231 ബില്യൺ ക്യുബിക് മീറ്ററാണ് ഉപയോഗിച്ചത്.
വ്യാവസായിക മേഖലകൾ 2024 സെപ്തംബർ അവസാനത്തോടെ 187.8 ദശലക്ഷം ക്യുബിക് മീറ്റർ ഉപയോഗിച്ചു. ഇറക്കുമതി ഉൾപ്പെടെയുള്ള നോൺ-അസോസിയേറ്റഡ് ഗ്യാസ് ഉൽപ്പാദനം 33.626 ബില്യൺ ക്യുബിക് മീറ്ററാണ്, അതേസമയം അനുബന്ധ ഉൽപാദനം 8.596 ബില്യൺ ക്യുബിക് മീറ്ററുമാണ്.