ഒമാനിലെ ഇന്ത്യൻ സ്‌കുൾ ദാർസൈറ്റിലെ സീനിയർ വൈസ് പ്രിൻസിപ്പൽ അലക്‌സാണ്ടർ ഗീ വർഗീസ് വിരമിച്ചു
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒരു പറ്റം വിദ്യാർഥികളെ ശിഷ്യന്മാരായി കിട്ടി എന്നതുതന്നെയാണ് ഇത്രയും കാലത്തെ ഏറ്റവും വലിയ സമ്പാദ്യമെന്ന് അലക്‌സാണ്ടർ ഗീ വർഗീസ്
ഒമാനിലെ ഇന്ത്യൻ സ്‌കുൾ ദാർസൈറ്റിലെ സീനിയർ വൈസ് പ്രിൻസിപ്പൽ അലക്‌സാണ്ടർ ഗീ വർഗീസ് വിരമിച്ചു. നീണ്ട 27 വർഷക്കാലത്തെ അധ്യാപന ജീവിതത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. പത്തനംതിട്ട അടൂർ സ്വദേശിയായ ഇദ്ദേഹം ലക്‌നൗവിലെ ആർമി പബ്ലിക് സ്‌കൂൾ, ഗോളിയാറിലെ സിന്ധ്യാ സ്‌കൂൾ എന്നിവിടങ്ങളിലെ എട്ടുവർഷത്തെ അധ്യാപനത്തിന് ശേഷമാണ് 1994ൽ ഒമാനിൽ എത്തുന്നത്.
ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിൽ കൊമേഴ്‌സ് അധ്യാപകനായിട്ടായിരുന്നു തുടക്കം. ഹ്യമൂനാനീറ്റിസ്, കൊമേഴ്‌സ് വിഭാഗങ്ങളുടെ തലവനായി 21 വർഷമാണ് പ്രവർത്തിച്ചത്. പിന്നീട് 2015ൽ ഇന്ത്യൻ സ്‌കൂൾ ദാർസൈറ്റിന്റെ വൈസ് പ്രിൻസിപ്പിലായി ചാർജെടുത്തു. ഇവിടെ ഒന്നര വർഷക്കാലം ആക്ടിങ് പ്രിൻസിപ്പലായും പ്രവർത്തിച്ചു. ഇന്ത്യൻ സ്‌കൂൾ ദാർസൈറ്റിന്റെ വൈസ് പ്രിൻസിപ്പലായി ചുമതലയേറ്റെടുത്തിതിന് ശേഷം ഒരു വിദ്യാർഥിയും തോറ്റിട്ടില്ല എന്നത് സന്തോഷം നൽകുന്ന കാര്യമാണെന്ന് അലക്‌സാണ്ടർ ഗീ വർഗീസ് പറഞ്ഞു.
2020ൽ ജി.സി.സി രാജ്യങ്ങളിലെ ഇന്ത്യൻ സ്‌കൂളുകളിലെ മികച്ച വിദ്യാർഥികളിൽ നിന്ന് ഒരാളെ ഐ.എസ്.ഡിയിൽ നിന്ന് സംഭാവന നൽകാനായതും അധ്യാപക ജീവിത്തത്തിലെ നിറമുള്ള ഓർമകളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഒമാനിൽ എത്തുമ്പോൾ സ്‌കൂളിൽ 5000ൽ താഴെ കൂട്ടികൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇന്ന് അത് പടർന്ന് പന്തലിച്ച് 10,000ൽ അധികം കുട്ടികൾ പഠിക്കുന്ന പ്രസ്ഥാനമായി മാറിയിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒരു പറ്റം വിദ്യാർഥികളെ ശിഷ്യന്മാരായി കിട്ടി എന്നതുതന്നെയാണ് ഇത്രയും കാലത്തെ ഏറ്റവും വലിയ സമ്പാദ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരിൽ പലരും ചാർട്ടേഡ് അക്കൗണ്ടന്റായും കമ്പനിയുടെ മോധാവികളായും മാറിയിട്ടുണ്ട്. ഭാവിയിൽ ഒമാനിൽ കുട്ടികൾക്ക് പ്രൊഫഷണൽ വിദ്യഭ്യാസം നൽകുന്ന സ്ഥാപനവുമായി മുന്നോട്ട് പോകാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ഭാര്യ: ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിലെ അധ്യാപകയായിരുന്ന മറിയാമ അലക്‌സാണ്ടർ. മക്കൾ: വർഗീസ് അലക്‌സാണ്ടർ, ഫേബ ഗ്രേസ് അലക്‌സാണ്ടർ.