ദുബൈ കറങ്ങിത്തീർത്തു; ചേതക്കുമായി ബിലാലും അഫ്സലും ഒമാനിലെത്തി
കേരള രജിസ്ട്രേഷൻ ഉള്ള ചേതക്ക് സ്കൂട്ടിൽ ദുബൈയിലെ വിവിധ പ്രദേശങ്ങള്‍ സന്ദർശിച്ച ശേഷമാണ് ഇവർ ഒമാനിലെത്തിയത്.
22വര്‍ഷം പഴക്കമുള്ള ചേതക് സ്കൂട്ടിൽ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്ന കാസർകോട് നായന്മാർമൂല സ്വദേശികളായ ബിലാലും , അഫ്സലും ഒമാനിലുമെത്തി. കേരള രജിസ്ട്രേഷൻ ഉള്ള ചേതക്ക് സ്കൂട്ടിൽ ദുബൈയിലെ വിവിധ പ്രദേശങ്ങള്‍ സന്ദർശിച്ച ശേഷമാണ് ഇവർ ഒമാനിലെത്തിയത്. നാല് മാസം കൊണ്ട് ചേതക് സ്കൂട്ടിൽ ഇന്ത്യയിൽ എണ്ണായിരം കിലോമീറ്റര്‍ കറങ്ങിയ ശേഷമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തിയത്.
ദുബൈയിലേക്ക് റോഡ് മാര്‍ഗ്ഗം വരാനായിരുന്നു പദ്ധതി. എന്നാൽ, അഫ്ഗാന്‍ അതിര്‍ത്തി പ്രദേശം കടന്നു വരാനുള്ള പ്രയാസം കാരണം സ്കൂട്ടർ ദുബൈയിലേക്ക് ഷിപ്പില്‍ എത്തിക്കുകയായിരുന്നു. അത്യാവശ്യം വേണ്ട സൗകര്യങ്ങളൊക്കെ സ്കൂട്ടിൽ സജ്ജീകരിച്ചാണ് യാത്ര ചെയ്യുന്നത്. ആത്മവിശ്വാസം ഉണ്ടെങ്കിൽ യാത്രയ്ക്ക് ഏതു തരം വാഹനവും ഉപയോഗിക്കാം എന്നുള്ള അനുഭവവുമാണ് ഇരുവരും പകർന്ന് നൽകുന്നത്.
ചേതക് സ്കൂട്ടിൽ ഒമാനിൽ എത്തിയ ഇരുവർക്കും സുഹാറിലെ കോഴിക്കോടൻ മക്കാനി ഹോട്ടൽ പരിസരത്ത് ഉജ്ജ്വല സീകരണവും നൽകി.ഗള്‍ഫിലെ ഇപ്പോഴത്തെ കൊടും ചൂട് അസഹ്യമാണെങ്കിലും ആറ് മാസം കൊണ്ട് മിഡിലീസ്റ്റിലെ മിക്ക രാജ്യങ്ങളും യാത്ര ചെയ്യാൻ ആണ് പ്ലാൻ .