നീലക്കടുവ ചിത്രശലഭങ്ങള്‍ വീണ്ടും ഒമാനില്‍

ഇന്ത്യൻ ഉപഭൂഖന്ധത്തിൽ കണ്ടുവരുന്ന ദേശാടന ചിത്രശലഭങ്ങളാണ് നീലക്കടുവകള്‍. 37 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവയെ ഒമാനിൽ വീണ്ടും കണ്ടെത്തുന്നത്

Update: 2021-08-09 18:32 GMT
Editor : Shaheer | By : Web Desk
Advertising

ഇന്ത്യൻ ഉപഭൂഖന്ധത്തിൽ കണ്ടുവരുന്ന ദേശാടന ചിത്രശലഭങ്ങളായ നീലക്കടുവകളെ 37 വർഷത്തെ ഇടവേളക്ക് ശേഷം ഒമാനിൽ വീണ്ടും കണ്ടെത്തി. തിരുമല ലിംനിയാസ് എന്ന പേരിൽ അറിയപ്പെടുന്ന പൂമ്പാറ്റകളെ കഴിഞ്ഞ വർഷം ജൂലൈ, ആഗസ്റ്റ്​ മാസങ്ങളിൽ വ്യത്യസ്​ത സമയങ്ങളിലായി മനാ, അൽ വാഫി, വാദീ ബനീ ഔഫ്, വാദീ ബനീ ഖാറൂസ് എന്നിവിടങ്ങളിൽ കണ്ടെത്തിയിരുന്നു. ഒറ്റയായി കാണപ്പെട്ട ചിത്രശലഭങ്ങളില്‍ ഒരു പെൺപൂമ്പാറ്റയെ കണ്ടെത്തിയതായാണ് റിസർച്ച്​ ഗേറ്റിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നത്​.

ഈ വിഭാഗത്തിൽപെട്ട പൂമ്പാറ്റകളെ രണ്ടാം തവണയാണ് ഒമാനിൽ കാണുന്നതെന്നും ഒമാനിലെ പൂമ്പാറ്റകളെ പറ്റിയും ഒമാനിൽ പ്രത്യേകമായി കാണുന്ന ലാർവകളെ പറ്റിയും ഗവേഷണം നടത്തുന്ന അലി ബിൻ അബ്​ദുല്ല അൽ ജഹ്ദമി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. പരമ്പരാഗതമായി ഈത്തപ്പനകൃഷി നടക്കുന്ന കാർഷിക മേഖലകളിലാണ് ഈ ഇനത്തിൽപെട്ട പൂമ്പാറ്റകളെ കണ്ടെത്തിയതെന്നും ഗവേഷകർ പറയുന്നു.

ഇതിന്​ മുമ്പ്​ 1983 ആഗസ്റ്റിൽ മസീറാ ദ്വീപിലാണ്​ ഈയിനത്തിലെ പൂമ്പാറ്റകളെ കണ്ടെത്തിയത്​. ആ വർഷം ഇന്ത്യൻ തീരത്ത്​ നിന്നാരംഭിച്ച്​ മസീറയിൽ വീശിയ ചുഴലിക്കാറ്റ്​ വഴിയാണ്​ ഈ ഇനത്തിൽപെട്ട പൂമ്പാറ്റകളും മറ്റ് നിരവധി പ്രാണികളും മസീറയിൽ എത്തിയത്. മിക്ക വർഷങ്ങളിലും ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള കൊടുങ്കാറ്റും മൺസൂൺ മഴയും ഒമാനെ ബാധിക്കാറുണ്ട്. 2020 മെയ് അവസാനത്തിൽ അറബിക്കടലിന്‍റെ ഇന്ത്യൻ തീരങ്ങളിൽ നിന്നെത്തിയ കൊടുങ്കാറ്റ് ദോഫാർ മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു.

കടുവ പൂമ്പാറ്റകൾക്ക്​ ജീവിതചക്രം പൂർത്തിയാക്കാൻ 21 മുതൽ 28 ദിവസം വരെയാണ് വേണ്ടി വരുന്നത്. പൂർണ വളർച്ചയെത്തിയ പൂമ്പാറ്റകൾ 60ലധികം ദിവസം വരെ ജീവിക്കും. മെയ്​ അവസാനത്തെ കാറ്റിലെത്തിയ ചിത്രശലഭങ്ങള്‍ പ്രജനനം നടത്തിയത് മൂലമുണ്ടായ പുതിയ പൂമ്പാറ്റകളായിരിക്കാം കണ്ടെത്തിയതെന്ന്​ റിപ്പോർട്ടിൽ പറയുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News