ബിപർജോയ് ചുഴലിക്കാറ്റ് ഒമാൻ തീരത്തുനിന്ന് 1030 കിലോമീറ്റർ അകലെ
കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി
മസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ബിപർജോയ് ചുഴലിക്കാറ്റ് ഒമാൻ തീരത്തുനിന്ന് 1030 കിലോമീറ്റർ അകലെയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മധ്യകിഴക്കൻ അറബിക്കടലിനു മുകളിലാണ് നിലവിൽ ചുഴലിക്കാറ്റിൻറെ സ്ഥാനം. അടുത്ത മൂന്ന് ദിവസത്തേക്ക് സുൽത്താനേറ്റിൽ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതം ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
അടുത്ത 48 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കുന്ന ബിപർജോയ് തുടർന്നുള്ള മൂന്ന് ദിവസം വടക്ക്, വടക്ക്-പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ട്. കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒമാന്റെ തീരങ്ങളിൽ തിരമാല മൂന്ന് മുതൽ ആറ് മീറ്റർ വരെ ഉയരാനിടയുണ്ട്. മണിക്കൂറിൽ 118മുതൽ 151 കി.മീറ്റർ വേഗതയിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്.
അതേസമയം, ബിപർജോയ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി സിവിൽ ഏവിയേഷൻ അതോറിറ്റിയും ദേശീയ അടിയന്തര മാനേജ്മെന്റ് കമ്മിറ്റിയും കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഒമാൻ കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.