തേജ് ചുഴലിക്കാറ്റ് യമനിൽ തീരം തൊട്ടു; സലാലയിൽ മഴ തുടരുന്നു
വലിയ നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല
അറബിക്കടലിൽ രൂപം കൊണ്ട തേജ് ചുഴലിക്കാറ്റ് യമനിലെ അൽ മഹ്റ ഗവർണറേറ്റിൽ തീരം തൊട്ടു. ഇന്ന് രാവിലെ നാലിനാണ് തേജിന്റെ കേന്ദ്ര ഭാഗം കരക്കെത്തിയത്.
കാറ്റിന്റെ ഭാഗമായുള്ള കനത്ത മഴ ഇവിടെ തുടരുകയാണ്. അൽ മഹ്റയിൽ റോഡുകൾ ഒലിച്ച പോവുകയും കമ്മ്യൂണിക്കേഷൻ സൗകര്യങ്ങൽ തകരാറിലാവുകയും ചെയ്തതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.
ഒമാനിൽ കാറ്റ് കാര്യമായ നാശം ഉണ്ടാക്കിയതായി റിപ്പോർട്ടുകളില്ല. നിലവിൽ തേജ് ശൿതി കുറഞ്ഞ് ഉഷ്ണ മേഖലക്കാറ്റായിട്ടുണ്ട്. യമൻ കടന്ന് സൗദിയിലേക്കാണ് കാറ്റ് നീങ്ങുക.
കാറ്റിന്റെ കേന്ദ്രഭാഗം സലാലയിൽ നിന്ന് 240 കിലോമീറ്റർ അകലെയാണ്. ഇന്നലെ രാത്രി മുതൽ സലാല നഗരത്തിലും പരിസരത്തും ഇടവിട്ട് മഴ പെയ്യുന്നുണ്ട്.
ദോഫാറിലെ ചില വിലായത്തുകളിൽ ശൿതമായ മഴയാണ് പെയ്തത്. ഇന്ന് ഉച്ച വരെ കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധിക്യതർ നിർദേശം നൽകി.