പൊടിക്കാറ്റ് മൂലം ഒമാനിൽ ദൃശ്യപരത കുറയും: സിവിൽ ഏവിയേഷൻ അതോറിറ്റി
തെക്കൻ ഷർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ സജീവമായ തെക്കുപടിഞ്ഞാറൻ കാറ്റ് പ്രതീക്ഷിക്കുന്നതായി സി.എ.എ
Update: 2024-06-21 12:31 GMT
മസ്‌കത്ത്: പൊടിക്കാറ്റ് മൂലം ഒമാനിൽ ദൃശ്യപരത കുറയുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ). ഉപരിതല കാറ്റിന്റെ പ്രവർത്തനം മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും താപനില ഉയരുന്നതിന് പുറമേ പൊടിക്കാറ്റിനും തിരശ്ചീന ദൃശ്യപരത കുറയുന്നതിനും കാരണമാകുമെന്ന് സിഎഎ എക്‌സിലൂടെയാണ് അറിയിച്ചത്.
തെക്കൻ ഷർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ വിവിധ പ്രദേശങ്ങളിൽ സജീവമായ തെക്കുപടിഞ്ഞാറൻ കാറ്റ് പ്രതീക്ഷിക്കുന്നതായി അറിയിച്ചു. തുംറൈത്ത് സ്റ്റേഷനിൽ 31 നോട്ട് വരെയും അൽ ദുക്ം സ്റ്റേഷനിൽ 28 നോട്ട് വരെയും അൽ ജാസിർ സ്റ്റേഷനിൽ 23 നോട്ട് വരെയും കാറ്റിന്റെ വേഗത രേഖപ്പെടുത്തി.
'ദയവായി നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക, പ്രത്യേകിച്ച് ഉച്ചസമയത്ത്' സിവിൽ ഏവിയേഷൻ അതോറിറ്റി ഓർമിപ്പിച്ചു.