വിന്റർ ടൂറിസം: കൂടുതൽ ക്രൂയ്‌സ് സഞ്ചാരികളെ ആകർഷിക്കാനൊരുങ്ങി ഒമാൻ

സിംഗപ്പൂരിലെ റിസോർട്ട് വേൾഡ് ക്രൂയിസുമായി ഒമാൻ ടൂറിസം മന്ത്രാലയം കരാർ ഒപ്പുവെച്ചു

Update: 2024-09-15 15:37 GMT
Editor : Thameem CP | By : Web Desk
Advertising

മസ്‌കത്ത്: വിന്റർ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ ക്രൂയ്സ് സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങി ഒമാൻ. ഇതിനായി സിംഗപ്പൂരിലെ റിസോർട്ട് വേൾഡ് ക്രൂയിസുമായി ഒമാൻ ടൂറിസം മന്ത്രാലയം കരാർ ഒപ്പുവെച്ചു. നവംബർ ആദ്യ വാരത്തിൽ ആദ്യ കപ്പൽ ഒമാൻ തീരത്തെത്തും. ശൈത്യകാലത്ത് ഒമാന്റെ ടൂറിസം മേഖലയ്ക്ക് ഊർജമാകുന്നത് ക്രൂയിസ് കപ്പലുകളും അതിലെ സഞ്ചാരികളുമാണ്. ഇത് മുന്നിൽ കണ്ടു തന്നെയാണ് ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയം സിംഗപ്പൂരിലെ റിസോർട്ട്‌സ് വേൾഡ് ക്രൂയിസുമായി കരാർ ഒപ്പുവച്ചത്. സ്‌പെയിനിലെ മലാഗയിൽ നടന്ന സീട്രേഡ് ക്രൂയിസ് മെഡ് എക്‌സിബിഷനിലാണ് ഓമാൻ ടൂറിസം മന്ത്രാലയം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നവംബർ നാലിന് ഖസബ്, നവംബർ അഞ്ചിന് മസ്‌കത്ത് എന്നിവിടങ്ങളിലേക്കാണ് ആദ്യ സന്ദർശനം. കപ്പലിൽ രണ്ടായിരത്തോളം യാത്രക്കാരുണ്ടാകും.

ഒക്ടോബർ മുതൽ ഏപ്രിൽ അവസാനം വരെയാണ് ഒമാനിലെ ക്രൂയിസ് കപ്പൽ സീസൺ. ഈ സമയത്ത് സുൽത്താൻ ഖാബൂസ് പോർട്ട്, സലാല തുറമുഖം, ഖസബ് തുറമുഖം എന്നിവിടങ്ങളിൽ ക്രൂയിസുകൾ എത്താറുണ്ട്. 202 കപ്പലുകളിലായി 321,012 വിനോദസഞ്ചാരികളാണ് മസ്‌കത്ത്, സലാല, ഖസബ് തുറമുഖങ്ങളിൽ 2023-ൽ എത്തിയത്. ഈ വർഷം ഇത് 3,80,000 കടക്കുമെന്നാണ് പ്രതീക്ഷ. ഈ വർഷം ക്രൂയിസ് സീസണിന്റെ ആദ്യ ഘട്ടത്തിൽ (ജനുവരി മുതൽ മെയ് വരെ), മൂന്ന് തുറമുഖങ്ങളിലായി 102 കപ്പലുകളിൽ 206,544 വിനോദസഞ്ചാരികൾ ഒമാൻ തീരത്ത് എത്തിയിരുന്നു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News