മക്കളെ നമ്മുടെ സംസ്‌കാരത്തിൽ അഭിമാന ബോധമുള്ളവരാക്കി വളർത്തുക: ശിഹാബ് പൂക്കോട്ടൂർ
ഐ.എം.ഐ സലാല സംഘടിപ്പിച്ച കുടുംബ സംഗമം ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു
സലാല: നാഗരികത വളർച്ച പ്രാപിച്ച ഏതോ ഒരു ഘട്ടത്തിൽ ഉണ്ടായതല്ല കുടുംബമെന്നും മനുഷ്യാരംഭം തന്നെ കുടുംബമായിട്ടാണെന്ന കാര്യം നാം മറക്കരുതെന്നും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു. ഐ.എം.ഐ സലാല 'തണലാണ് കുടുംബം' എന്ന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വഴി തെറ്റിക്കുന്ന നവ ലിബറൽ ആശയങ്ങളെ കരുതിയിരിക്കണമെന്നും ഇസ്‌ലാമിക മൂല്യങ്ങളിൽ അഭിമാന ബോധമുള്ളവരായി മക്കളെ വളർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഐഡിയൽ ഹാളിൽ നടന്ന സംഗമം ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. ഐ.എം.ഐ പ്രസിഡന്റ് കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സാബുഖാൻ, സലിം സേട്ട്, മുസാബ് ജമാൽ, കെ.എം. ഹാഷിം, റജീന ടീച്ചർ, മദീഹ ഹാരിസ്, യാസ് പ്രസിഡന്റ് മൻസൂർ വേളം എന്നിവർ സംബന്ധിച്ചു. സലാഹുദ്ദീൻ, കെ.ജെ.സമീർ എന്നിവർ നേതൃത്വം നൽകി. വിവിധ സംഘടന ഭാരവാഹികൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ സംബന്ധിച്ചു.