ഒമാൻ നിർമിത സ്‌കൂൾ ബസുകളുടെ ആദ്യ ബാച്ച് കൈമാറി

അഞ്ച് വർഷത്തിനകം മുഴുവൻ സ്‌കൂളുകൾക്കും ബസുകൾ എത്തിക്കാനാണ് കർവ മോട്ടോഴ്‌സിൻ്റെ നീക്കം

Update: 2024-12-10 17:14 GMT
Advertising

മസ്‌കത്ത്: ഒമാൻ നിർമിത സ്‌കൂൾ ബസുകളുടെ ആദ്യ ബാച്ച് കർവ മോട്ടോഴ്‌സ് കൈമാറി. ബസുകൾ ഉടൻ സ്‌കൂളുകൾക്ക് ലഭ്യമായിത്തുടങ്ങും. അഞ്ച് വർഷത്തിനകം മുഴുവൻ സ്‌കൂളുകൾക്കും ബസുകൾ എത്തിക്കാനാണ് നീക്കം. കഴിഞ്ഞ വർഷം നവംബറിലാണ് സ്‌കൂൾ ബസുകളുടെ നിർമാണത്തിന് വാഹന നിർമാണ രംഗത്തെ ഒമാനിലെ മുൻനിര കമ്പനിയായ കർവ മോട്ടോഴ്‌സ് വിദ്യാഭ്യാസ മന്ത്രാലയവുമായും ഒമാൻ വികസന ബാങ്കുമായും ധാരണാപത്രം ഒപ്പുവച്ചത്.

അഞ്ച് വർഷത്തിനകം മുഴുവൻ സ്‌കൂളുകൾക്കും കർവ മോട്ടോർസിന്റെ ഒമാൻ നിർമിത ബസുകൾ ലഭ്യമാക്കുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. മികച്ച സുരക്ഷാ സംവിധാനങ്ങളും ഉയർന്ന നിലവാരത്തിലുള്ളതുമായ ബസുകളാണ് കർവ മോട്ടോർസ് അവതരിപ്പിച്ചിരിക്കുന്നത്. 23 കുട്ടികൾക്ക് ഒരു ബസിൽ ഒരേ സമയം യാത്ര ചെയ്യാനാകും. ബസിന് അകത്തും പുറത്തും ക്യാമറകൾ, സുരക്ഷാ ഡോറുകൾ, എമർജൻസി ഡോറുകൾ, സെൻസർ സംവിധാനമുള്ള സൈഡ് ഡോറുകൾ തുടങ്ങിയവ മറ്റു പ്രത്യേകതകളാണ്.

ഫസ്റ്റ് ഐഡ് ബോക്സ്, എൻജിൻ സെൻസർ, ജിപിഎസ് ഉപയോഗിച്ചുള്ള ബസ് ട്രാക്കിങ് സംവിധാനം, ഡ്രൈവറുടെ പ്രകടനം നിരീക്ഷിക്കുന്ന മോണിറ്ററിങ് സംവിധാനം എന്നിവയും ബസിലുണ്ടാകും. ഈ വർഷം മുതൽ തന്നെ പ്രാദേശിക വിപണിയിലും ബസുകൾ ലഭ്യമാകും. പ്രതിവർഷം ആയിരം ബസുകൾ വീതമാണ് നിർമാണം പൂർത്തിയാക്കി സ്‌കൂളുകൾക്ക് കൈമാറുക. ദുകം പ്രത്യേക സാമ്പത്തിക മേഖലയിലാണ് കർവ മോട്ടോർസിന്റെ ബസ് നിർമാണ ഫാക്ടറി പ്രവർത്തിക്കുന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News