ഒമാനിലെ റോയൽ കാർസ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു
ഞായർ, ചൊവ്വ, വ്യാഴം എന്നിങ്ങനെ ആഴ്ചയിൽ മൂന്ന് ദിവസം സന്ദർശകരെ അനുവദിക്കും
മസ്‌കത്ത്: ഒമാനിലെ അൽ ബറക കൊട്ടാരത്തിൽ റോയൽ കാർസ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ, അപൂർവ വാഹനങ്ങളുടെയും സ്പോർട്സ് കാറുകളുടെയും ശേഖരം മ്യൂസിയത്തിലുണ്ട്. സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സെയ്ത് ആണ് മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
130 വർഷത്തിലേറെ പഴക്കമുള്ള ഒരു സ്റ്റീം കാർ, ലിമിറ്റഡ് എഡിഷൻ കാറുകൾ, കവചിത കാറുകൾ ക്ലാസിക് വാഹനങ്ങൾ, കൂടാതെ ഇലക്ട്രിക് വാഹനങ്ങളുടെ ആദ്യ മോഡലുകൾ ഉൾപ്പെടെ നിരവധി സ്പോർട്സ് കാറുകളും മ്യൂസിയത്തിലുണ്ട്. വിടപറഞ്ഞുപോയ സുൽത്താൻമാരായ ഖാബൂസ് ബിൻ സെയ്ദ്, സുൽത്താൻ സെയ്ദ് ബിൻ തൈമൂർ, സയ്യിദ് താരിഖ് ബിൻ തൈമൂർ എന്നിവർ ഉപയോഗിച്ചിരുന്ന കാറുകളും പ്രദർശിപ്പിച്ചിട്ടുണ്ട്.
സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് ആണ് കാറുകൾക്കൊരു മ്യൂസിയത്തിന് തുടക്കം കുറിച്ചത്. 1970-കളുടെ തുടക്കം മുതൽ കാറുകളോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം പ്രകടമായിരുന്നു. അന്തരിച്ച മറ്റു സുൽത്താൻമാരുടെ കാറുകൾ അദ്ദേഹം ശേഖരിച്ച് കൊട്ടാരത്തിലെത്തിച്ചു. ആധുനികവും അപൂർവവുമായ കാറുകൾ സ്വന്തമാക്കാനും അദ്ദേഹം താൽപര്യം കാണിച്ചു.
അൽബറക കൊട്ടാരത്തിൽ 2012-ൽ തന്നെ രാജകീയ കാറുകൾ പ്രദർശിപ്പിക്കുന്നത് ആരംഭിച്ചിരിന്നെങ്കിലും സന്ദർശനം രാജാവിന്റെ അതിഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. നിലവിൽ വലിയ മാറ്റങ്ങളോടെ പൊതുജനങ്ങൾക്ക് കൂടി കാണാനുള്ള സൗകര്യത്തിലാണ് മ്യൂസിയം തുറന്നത്.
റോയൽ കാർസ് മ്യൂസിയം ഞായർ, ചൊവ്വ, വ്യാഴം എന്നിങ്ങനെ ആഴ്ചയിൽ മൂന്ന് ദിവസം സന്ദർശകരെ അനുവദിക്കും. സന്ദർശന സമയത്തിന് 30 മിനിറ്റ് മുമ്പ് എത്തിച്ചേരുകയും വേണം. വെബ്‌സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്ത് ടിക്കറ്റ് നേടണം. വടക്കൻ മബൈല ഏരിയയിലെ സഫിനാറ്റ് ഗേറ്റിലൂടെയായിരിക്കും സന്ദർശകർക്ക് മ്യൂസിയത്തിലേക്കുളള പ്രവേശനം, അവിടെ നിന്ന് ബസുകളിൽ മ്യൂസിയത്തിലേക്ക് കൊണ്ടുപോകും.