1.5 ബില്യൺ ഡോളർ ബാങ്ക് ധനസഹായം; ഹഫീത് റെയിൽ കരാറുകളിൽ ഒപ്പുവച്ചു

ഒമാനിലെ സുഹാർ തുറമുഖത്തെ യുഎഇയുമായി ബന്ധിപ്പിക്കുന്നതാണ് ഹഫീത് റെയിൽ

Update: 2024-10-10 12:40 GMT
Advertising

അബൂദബി/മസ്‌കത്ത്: സുഹാർ തുറമുഖത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സുമായി (യുഎഇ) ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ ശൃംഖല പദ്ധതിക്കായുള്ള ബാങ്ക് ധനസഹായ കരാറുകളിൽ ഹഫീത് റെയിൽ ഒപ്പുവച്ചു. പ്രാദേശിക, അന്തർദേശീയ ബാങ്കുകൾക്ക് പുറമേ ഒമാനി, ഇമാറാത്തി ബാങ്കുകൾ ചേർന്നുള്ള കൺസോർഷ്യത്തിന്റെ പിന്തുണയോടെ നേടിയ പ്രോജക്ട് ഫിനാൻസ് കടത്തിന്റെ മൊത്തം മൂല്യം 1.5 ബില്യൺ ഡോളറാണ്. അഥവാ 577 ദശലക്ഷം ഒമാനി റിയാലാണ് പദ്ധതിക്കായി നേടിയത്.

2.5 ബില്യൺ ഡോളറിന്റെ ഹഫീത് റെയിൽ സംയുക്ത പദ്ധതി ഒമാനും യുഎഇയും തമ്മിലുള്ള വ്യാപാരബന്ധം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും. യുഎഇയുടെ ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദല ഇൻവെസ്റ്റ്മെന്റ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമാണ് ഹഫീത് റെയിൽ പദ്ധതി. യുഎഇയുടെ ഇത്തിഹാദ് റെയിലും ഒമാനിലെ അസ്യാദ് ഗ്രൂപ്പും സംയുക്ത സംരംഭത്തിലെ ഏറ്റവും വലിയ ഓഹരി ഉടമകളാണ്.

പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്സ് ഡെപ്യൂട്ടി ചെയർമാനും ഇത്തിഹാദ് റെയിൽ ചെയർമാനുമായ ശൈഖ് ത്വയ്യിബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന്റെ രക്ഷാകർതൃത്വത്തിലാണ് കരാർ ഒപ്പിടൽ നടന്നത്. ഗ്ലോബൽ റെയിൽ ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ എക്‌സിബിഷൻ & കോൺഫറൻസ് - ഗ്ലോബൽ റെയിൽ 2024 ന്റെ ഉദ്ഘാടന വേളയിലാണ് പ്രഖ്യാപനം.

238 കിലോമീറ്റർ നീളമുള്ള റെയിൽവേ ശൃംഖലയിൽ 60 പാലങ്ങളുണ്ടാകും. ഇവയിൽ ചിലത് 34 മീറ്റർ വരെ ഉയരത്തിലാകും നിർമിക്കുക. 2.5 കിലോമീറ്റർ നീളമുള്ള തുരങ്കങ്ങളുമുണ്ടാകും. രണ്ട് രാജ്യങ്ങളിലെയും അഞ്ച് പ്രധാന തുറമുഖങ്ങളെയും വിവിധ വ്യാവസായിക, ഫ്രീ സോണുകളെ റെയിൽവേ ശൃംഖല ബന്ധിപ്പിക്കും. ശൃംഖലയിലെ ഒരു ചരക്ക് ട്രെയിനിൽ 15,000 ടണ്ണിലധികം ചരക്ക് അല്ലെങ്കിൽ ഏകദേശം 270 സാധാരണ കണ്ടെയ്നറുകൾ കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. ഖനനം, ഇരുമ്പ്, ഉരുക്ക്, കൃഷി, ഭക്ഷണം, റീട്ടെയിൽ, ഇ-കൊമേഴ്സ്, പെട്രോകെമിക്കൽസ് തുടങ്ങിയ മേഖലകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

പദ്ധതി നടപ്പായി ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ അബുദബിക്കും സുഹാറിനും ഇടയിൽ സഞ്ചരിക്കുന്നതോടെ യാത്രാ സമയം 100 മിനിറ്റായി കുറയും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ 400 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ട്രെയിനിൽ യാത്രക്കാർക്കും സഞ്ചരിക്കാനാകും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News