ഒമാനിലെ ഹജ്ജ് നറുക്കെടുപ്പ് നാളെ നടക്കും
ഒമാനിൽ നിന്നും ഈ വർഷം ഹജ്ജിനായി 33,536 തീർത്ഥാടകരാണ് രജിസ്ററ്റർ ചെയ്തിരിക്കുന്നത്
ഒമാനിൽ നിന്നും ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിന് അർഹത നേടിയവരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നാളെ നടക്കും. ഓട്ടോമാറ്റിക് ഇ-സോർട്ടിങ് സംവിധാനത്തിലൂടെയായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്നും ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു .
ഒമാനിൽ നിന്നും ഈ വർഷം ഹജ്ജിനായി 33,536 തീർത്ഥാടകരാണ് രജിസ്ററ്റർ ചെയ്തിരിക്കുന്നത്. ഇവരില്‍ നിന്നും 13,598 പേരെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുക. ഇത്തവണ ഒമാനിൽ നിന്ന് 500 പ്രവാസികൾക്ക് മാത്രമാണ് അവസരം ലഭിക്കുക. ഒമാനിൽ താമസിക്കുന്ന എല്ലാ രാജ്യക്കാരും ഉൾക്കൊള്ളുന്നതിനാൽ മലയാളികളുടെ അവസരം തീരെ കുറവായിരിക്കും. ഇതിനാൽ ഒമാനിലെ പകുതിയോളം വരുന്ന പ്രവാസികൾക്ക് നാട്ടിൽ പോയി ഹജ്ജിന് പോവേണ്ടി വരും.
കഴിഞ്ഞ വർഷം ഒമാനി പൗരൻമാരും പ്രവാസികൾ അടക്കം 8338 പേർക്കാണ ഹജ്ജിന് അവസരം ലഭിച്ചത്. ഈ വർഷത്തെ ഓൺലൈൻ രജിസ്‌ട്രേഷന്‍ മാർച്ച് നാലിനാണ് അവസാനിച്ചത്. ഒമാൻ സൗദി റോഡ് നിലവിൽ വന്നത് ഒമാനിൽനിന്നുള്ള ഹജ്ജ് യാത്ര കൂടുതൽ സൗകര്യകരമാക്കും.