അനധികൃത തൊഴിലാളികളെ കണ്ടെത്താൻ ഒമാനിൽ പരിശോധന തുടരുന്നു
ഒക്ടോബറിൽ ബാത്തിന ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാത്രമായി 658 പ്രവാസി തൊഴിലാളികളെയാണ് പിടികൂടിയത്
മസ്‌കത്ത്: അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി ഒമാനിൽ പരിശോധന തുടരുന്നു. ലേബർ വകുപ്പും ജോയിന്റ് ഇൻസ്‌പെക്ഷൻ ടീമുമാണ് പരിശോധന നടത്തുന്നത്. തൊഴിൽ വിപണി സുരക്ഷിതമാക്കുന്നതിനും അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായുമാണ് ലേബർ വകുപ്പും ജോയിന്റ് ഇൻസ്‌പെക്ഷൻ ടീമും സംയുക്തമായി പരിശോധന ശക്തമാക്കിയത്.
ഒക്ടോബറിൽ ബാത്തിന ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാത്രമായി 658 പ്രവാസി തൊഴിലാളികളെയാണ് പിടികൂടിയത്. 425 പേർ റസിഡൻസി കലാവധി കഴിഞ്ഞവരാണ്, തൊഴിലുടമകളല്ലാത്തവർക്കുവേണ്ടി ജോലി ചെയ്ത 68 പേരെയും വർക്ക് പെർമിറ്റ് ഇല്ലാതെ ഒമാനി തൊഴിലുകളിൽ ജോലി ചെയ്തിരുന്ന 106 പേരെയും പിടികൂടി. സ്വയംതൊഴിൽ ചെയ്യുന്ന 59 പേരും അറസ്റ്റിലായവരിൽ ഉൾപ്പെടും. 49 തൊഴിൽ ലംഘനങ്ങൾ പബ്ലിക്‌പ്രോസിക്യൂഷന് റഫർ ചെയ്തതായും അധികൃതർ വ്യക്തമാക്കുന്നുണ്ട്.
ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി തൊഴിൽ വിപണി നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയത്തിന്റെ പരിശോധന കാമ്പയിൻ. സെക്യൂരിറ്റി ആൻഡ് സേഫ്റ്റികോർപറേഷനുമായി തൊഴിൽ മന്ത്രാലയം ഡിസംബറിൽ കരാർ ഒപ്പുവെച്ചിരുന്നു. ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണ് തൊഴിൽ നിയമലംഘന പരിശോധന ശക്തമാക്കിയിരിക്കുന്നത്. പരിശോധനകൾ തുടരുമെന്നും അധികൃതകർ വ്യക്തമാക്കി.