മസ്കത്ത് വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർധന
2023നെ അപേക്ഷിച്ച് 9% വർധനവാണുണ്ടായത്
മസ്‌കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർധന. ഈ വർഷത്തെ ആദ്യ ഏഴുമാസം പിന്നിട്ടപ്പോഴേക്കും 75 ലക്ഷം യാത്രക്കാരാണ് ഇതുവരെ വിമാനത്താവളം വഴി യാത്ര ചെയ്തത്.
മസ്‌കത്ത് വിമാനത്താവളത്തിലൂടെയുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 2023നെ അപേക്ഷിച്ച് ഒമ്പത് ശതമാനത്തിൻറെ വർധനയാണുണ്ടായത്. 2023ൽ ഇതേകാലയളവിൽ 64,74797 അന്താരാഷ്ട്ര യാത്രക്കാർ വന്നുപോയെങ്കിൽ നിലവിലത് 69,49193 ആയാണ് ഉയർന്നത്. അതേ സമയം ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 8.3 ശതമാനത്തിൻറെ വർധനവാണുണ്ടായത്. 2023ൽ ആകെ മസ്‌കത്ത് വിമാനത്താവളം വഴി 69,49202 യാത്രക്കാർ യാത്രചെയ്തപ്പോൾ 2024ൽ ഇതുവരെ 75,71148 പേരാണ് യാത്രചെയ്തത്. സലാല വിമാനത്താവളത്തിലും യാത്രക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായി. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 75,0251 യാത്രക്കാർ ഉപയോഗിച്ചപ്പോൾ നിലവിലത് 82,7486 ആയി ഉയർന്നിട്ടുണ്ട്.