ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രിക സ്വീകരിച്ചു തുടങ്ങി
ഡിസംബർ 22ന് നാമനിർദ്ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയാവും
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സ്വീകരിച്ചു തുടങ്ങി. ഡിസംബർ 16 വരെ ആണ് നാമനിർദ്ദേശ പത്രിക സ്വീകരിക്കുക .
ഞായർ മുതൽ വ്യാഴം വരെയുള്ള പ്രവർത്തി ദിവസങ്ങളിലാണ് നാമനിർദ്ദേശ പത്രിക സ്വീകരിക്കുക. ഡിസംബർ 22ന് നാമനിർദ്ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയാവും. ജനുവരി നാല് ഉച്ചക്ക് ഒരു മണിവരെയാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം. വോട്ടർപട്ടിക ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്‌കുൾ ബോർഡിലേക്ക് അഞ്ച് അംഗങ്ങളെയാണ് തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുക.
സ്ഥാനാർഥികളുടെ അന്തിമ പട്ടിക ജനുവരി അഞ്ചിന് പുറത്തുവിടും. ജനുവരി 21ന് മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ ഹാളിലാണ് തെരഞ്ഞെടുപ്പ് നടക്കുക .രാവിലെ എട്ട് മുതൽ വൈകുന്നേരം എട്ട് വരെയാണ് വോട്ടിംഗ് സമയം. അന്ന് തന്നെ ഫലപ്രഖ്യാപനവും നടക്കും. തിരഞ്ഞെടുപ്പ് ദിവസം സ്‌കൂൾ പരിസരത്തോ പുറേത്തോ യാഥൊരു വിധ വോട്ട് പിടുത്തവും അനുവദിക്കില്ല. വാഗ്ദാനങ്ങളും മറ്റും നൽകി വോട്ടുകൾ പിടിക്കുന്നത് തെരഞ്ഞെടുപ്പ് നിയമ ലംഘനമായിരിക്കും.
ഇലക്ഷൻ കമ്മീഷൻ ചെയർമാൻ ബാബു രാജേന്ദ്രന്റെ നേതൃത്വത്തിൽ അംഗങ്ങളായ കെ എം ഷക്കീൽ, ദിവേഷ് ലുംമ്പാ, മൈതിലി ആനന്ദ്, എ എ അവോസായ് നായകം എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ.