യെമന് സമീപം ഇന്ത്യൻ ഉരു അപകടത്തിൽപ്പെട്ടു; ഒരാളെ കാണാതായി
ഉരുവിലുണ്ടായിരുന്ന പത്ത് പേരിൽ ഒമ്പതും പേരെയും മറ്റൊരു ഉരു എത്തി രക്ഷപ്പെടുത്തി
സലാല: ഒമാനിലെ സലാലയിൽനിന്ന് സിമന്റുമായി യെമന്റെ ഭാഗമായ സുകോത്ര ദ്വീപിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ ഉരു 'സഫീന അൽസീലാനി' നടുക്കടലിൽ മുങ്ങി. ഉരുവിലുണ്ടായിരുന്ന പത്ത് പേരിൽ ഒമ്പതും പേരെയും മറ്റൊരു ഉരു എത്തി രക്ഷപ്പെടുത്തി. ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു ദിവസത്തിലധികം ഇവർ നടുക്കടലിൽ കനത്ത തിരമാലയിൽ പെട്ടുപോയിരുന്നു. ഉരു സുകോത്രയിൽ എത്താൻ വൈകിയത് അന്വേഷിച്ചിറങ്ങിയ മറ്റൊരു ഉരുവാണ് നടുക്കടലിൽ ഒഴുകി നടക്കുന്ന ഒമ്പത് പേരെ കണ്ടെത്തിയത്. ഉരുവിലെ ജീവനക്കാർ ഉത്തരേന്ത്യൻ സ്വദേശികളാണ്.
മെയ് 25 നാണ് സ്വകാര്യ ഷിപ്പിംഗ് ഏജൻസിയുടെ ലോഡുമായി ഇവർ സുകോത്രയിലേക്ക് പോയത്. രക്ഷപ്പെട്ടവരുടെ യാത്രരേഖകളും മറ്റും ഇവരുടെ കൈയ്യിലുണ്ടെന്നും ഇവരെ ദ്വീപിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എംബസി കോൺസുലാർ ഏജന്റ് ഡോ. സനാതനൻ അറിയിച്ചു. ഇന്ത്യൻ രജിസ്‌ട്രേഡ് ഉരു ഈ ഭാഗങ്ങളിൽ അപകടത്തിൽ പെടുന്നത് പതിവായിട്ടുണ്ട്.