സലാലയിൽ ഖരീഫ് സീസണ് തുടക്കമായി
മൂന്ന് മാസം നീണ്ട് നിൽക്കുന്ന ദോഫാറിലെ മഴക്കാലം ആരംഭിക്കുന്നു. ഇന്ന് രാവിലെ സലാല ടൗണിലും പരിസരപ്രദേശങ്ങളിലും ചാറ്റൽ മഴ ലഭിച്ചു. രാവിലെ പെയ്ത മഴ ഖരീഫ് സീസണിന്റെ മഴയാണെന്ന് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബീപർ ജോയിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ചാറ്റൽ മഴ പെയ്തിരുന്നു.
സാധാരണ ഗതിയിൽ ഖരീഫ് സീസൺ ജൂൺ 21 മുതൽ സെപ്തംബർ 22 വരെയാണുണ്ടാകുക. എന്നാൽ ഈ പ്രവശ്യം ഒരാഴ്ച മുമ്പേ സീസൺ ആരംഭിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങളായി രാത്രി കാലങ്ങളിൽ മലമ്പ്രദേശങ്ങളിൽ തണുപ്പ് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് ദിസങ്ങളായി സലാലയടക്കമുള്ള ദോഫാറിന്റെ വിവിധ പ്രദേശങ്ങളിൽ മൂടികെട്ടിയ അന്തരീക്ഷമായിരുന്നു. ചാറ്റൽമഴ ലഭിച്ചതോടെ താപനിലയിൽ നേരിയ കുറവ് വന്നിട്ടുണ്ട്. തുടർച്ചയായി മഴ ലഭിക്കുകയാണെങ്കിൽ മൂന്നാഴ്ച കൊണ്ട് തന്നെ മലനിരകൾ പച്ചയണിഞ്ഞേക്കും.
നിരവധി ആളുകളാണ് ഇവിടേക്ക് ഓരോ സീസണിലും എത്താറുള്ളത്. ദോഫാർ ഗവർണറേറ്റിന്റെ അനുകൂല കാലാവസ്ഥയും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.
ഖരീഫ് സീസണിനോടനുബന്ധിച്ച് ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന സലാല ടൂറിസം ഫെസ്റ്റിവൽ എന്നാണ് ആരംഭിക്കുക എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സാധാരണ ജൂലൈ 15 മുതൽ ആഗസ്റ്റ് 31 വരെയാണ് ഫെസ്റ്റിവൽ നടക്കുക.
പ്രധാന ആകർഷണ കേന്ദ്രമായ വാദി ദർബത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണ ജോലികൾ പുരോഗമിക്കുകയാണ്. ദോഫാർ ഗവർണറുടെ അധ്യക്ഷതയിൽ മുന്നൊരുക്കങ്ങളുടെ പുരോഗതി കഴിഞ്ഞയാഴ്ച വിലയിരുത്തിയിരുന്നു. വർഷം മുഴുവൻ ദോഫാറിനെ ടൂറിസം സീസണാക്കി പരിവർത്തിപ്പിക്കുന്നതിനുള്ള നടപടികളാണ് അധികൃതർ ആസൂത്രണം ചെയ്യുന്നത്.