ഇന്ത്യൻ സ്‌കൂൾ ബോർഡിലേക്ക് ആവശ്യമായ പ്രാതിനിധ്യമില്ല; പ്രക്ഷോഭത്തിനൊരുങ്ങി രക്ഷിതാക്കൾ
ഇന്ത്യൻ സ്‌കൂൾ ബോർഡ് ഓഫ് ഡയരക്ടർക്ക് നിവേദനം നൽകി
ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോർഡിലേക്ക് ആവശ്യമായ പ്രാതിനിധ്യം നൽകാത്തതിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പ്രതിഷേധ പരിപാടിയുടെ ആദ്യഘട്ടമെന്ന നിലയിൽ ബോർഡ് ഓഫ് ഡയരക്ടർക്ക് നിവേദനം നൽകി.
ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ച പ്രകാരം, നിലവിലെ പതിനഞ്ചംഗ ഇന്ത്യൻ സ്‌കൂൾ ബോർഡിലേക്ക് രക്ഷിതാക്കളുടെ പ്രതിനിധികളായി പത്തുപേരെ ഉൾപ്പെടുത്താൻ കഴിയും. എന്നാൽ ഏഴ് പേരെ മാത്രം രക്ഷിതാക്കളുടെ പ്രതിനിധികളായി നിർദ്ദേശിക്കാനാണ് ബോർഡ് തീരുമാനം.
ഈ തീരുമാനം പുനഃപരിശോധിച്ച് പത്തുപേരെ ബോർഡിലേക്ക് തെരഞ്ഞെടുക്കാൻ സ്‌കൂൾ ബൈലോയിൽ ആവശ്യമായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം സമർപ്പിച്ചിരിക്കുന്നത്. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം നിലവിലെ ബോർഡ് അംഗങ്ങളുടെ എണ്ണം പുനഃപരിശോധിക്കുവാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മസ്‌കത്തിലെയും ദാർസൈറ്റിലെയും ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റുമാർ നിലവിൽ അംഗങ്ങൾ ആയിരിക്കുന്ന അവസ്ഥ മാറ്റി അവരെ കൂടി തിരഞ്ഞെടുപ്പിലൂടെ കൊണ്ട് കൊണ്ടുവരിക എന്ന സമീപനമാണ് ബോർഡ് സ്വീകരിച്ചതെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ഒരു രക്ഷിതാവ് പറഞ്ഞു.
ഇത് രക്ഷിതാക്കളോടുള്ള വെല്ലുവിളിയാണ്. ഈ കോവിഡ് കാലത്തുപോലും വിദ്യാർഥികളോട് തീർത്തും നിഷേധാത്മകമായ നിലപാടാണ് വിവിധ ഇന്ത്യൻ സ്‌കൂളുകൾ സ്വീകരിക്കുന്നത്. ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിൽതന്നെ 30ലേറെ കുട്ടികളെ ഫീസ് അടച്ചില്ല എന്ന കാരണം പറഞ്ഞു ടി.സി കൊടുത്തു വിടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ഫീസ് അടച്ചില്ല എന്ന കാരണത്താൽ ഒരു കുട്ടിയുടെ പോലും വിദ്യാഭ്യാസം മുടങ്ങില്ല എന്ന മുൻകാലങ്ങളിൽ ബോർഡ് സ്വീകരിച്ച നിലപാടുകളെ പാടെ തള്ളുകയാണ് നിലവിലെ ബോർഡ് ചെയ്യുന്നത്.
മുൻ കാലങ്ങളിൽ നടന്നുവന്ന ഓപൺ ഫോറങ്ങൾ പോലും ഇല്ലാതാക്കി. ഇതിനൊക്കെ കാരണം രക്ഷിതാക്കളുടെ വേണ്ടത്ര പ്രാതിനിധ്യം ബോർഡിൽ ഇല്ലാത്തതാണ്. ഈ അവസ്ഥ മാറേണ്ടതുണെന്നും രക്ഷിതാക്കൾപറഞ്ഞു. നിലവിൽ അഞ്ചുപേരെ മാത്രമാണ് തിരഞ്ഞെടുപ്പിലൂടെ ബോർഡിലേക്ക് എത്തിക്കാൻ രക്ഷിതാക്കൾക്ക് സാധിക്കുന്നത്. മന്ത്രാലയം പറഞ്ഞത് പ്രകാരം ഈ എണ്ണം 10 ആക്കുകയാണെങ്കിൽ കൂടുതൽ സ്‌കൂളുകൾക്ക് പ്രാതിനിധ്യം ലഭിക്കുന്ന അവസ്ഥയുണ്ടാകും.
ആ ഒരു കാര്യത്തോട് ബോർഡ് മുഖം തിരിച്ചു നിൽക്കുകയാണെന്നും രക്ഷിതാക്കൾ ആരാപിച്ചു. നോമിനേഷനിലൂടെ ആളുകളെ ഉൾപ്പെടുത്തി ബോർഡിന്റെ ജനാധിപത്യ സ്വഭാവം ഇല്ലാതാക്കുവാനാണ് നിലവിലുള്ള ബോർഡ് ശ്രമിക്കുന്നത്. കമ്യൂണിറ്റി സ്‌കൂളുകൾ നിലനിൽക്കുക എന്നത് സാധാരണക്കാരായ ജനങ്ങളുടെ ആവശ്യമാണ്. അത് ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും രക്ഷിതാക്കൾ പറഞ്ഞു. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ മറ്റു മാർഗങ്ങളുമായി മുന്നോട്ട് പോകുമെന്നും രക്ഷിതാക്കൾ അറിയിച്ചു.