ദീർഘദൂര കടൽയാത്ര; 'ശബാബ് ഒമാൻ രണ്ട്' നാവിക കപ്പലിന് രാജ്യാന്തര പുരസ്‌കാരം
സമാധാനത്തിന്റെ സന്ദേശവുമായി പര്യടനം നടത്തുന്ന 'ശബാബ് ഒമാൻ രണ്ട്' നാവിക കപ്പലിന് രാജ്യാന്തര പുരസ്‌കാരം. പായ്ക്കപ്പലുകൾക്ക് നൽകി വരുന്ന ഇന്റർനാഷണൽ ഫ്രണ്ട്ഷിപ്പ് കപ്പ്-2022 ആണ് ശബാബ് ഒമാൻ നാവിക കപ്പൽ നേടിയെടുത്തത്.
ദീർഘദൂരം കടൽയാത്ര നടത്തുന്ന കപ്പലുകൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണിത്. ഡെൻമാർക്കിൽ നടക്കുന്ന ലോങ് സെയ്‌ലിങ് റേസ്-2022ന്റെ സമാപനത്തോടനുബന്ധിച്ചാണ് ലോങ് ദൗ സെയ്‌ലിങ് റേസ് വിജയികളെ പ്രഖ്യാപിച്ചത്. 'ഒമാൻ, സമാധാനത്തിന്റെ ഭൂമിക' എന്ന സന്ദേശവുമായി യൂറോപ്യൻ ഉപഭൂഖണ്ഡത്തിലേക്ക് യാത്ര നടത്തുന്ന 'ശബാബ് ഒമാൻ രണ്ട്' ഇപ്പോൾ ഡെൻമാർക്കിലെ ആൽബോർഗ് തുറമുഖത്താണുള്ളത്.
ലോങ് സെയ്‌ലിങ് റേസ് 2022 മത്സരത്തിൽ പങ്കെടുക്കുന്ന കപ്പലുകളിലെ ക്യാപ്റ്റന്മാരുടെയും ജീവനക്കാരുടെയും വോട്ടിങിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ നിശ്ചയിച്ചത്. 'ശബാബ് ഒമാൻ രണ്ടി'ന്റെ യൂറോപ്യൻ ഉപഭൂഖണ്ഡ യാത്ര ഏപ്രിൽ11ന് സുൽത്താനേറ്റിൽനിന്നാണ് ആരംഭിച്ചത്.
രാജ്യത്തിന്റെ നാവിക ചരിത്രവും പുരാതന പൈതൃകങ്ങളും പരിചയപ്പെടുത്തി, സുൽത്തനേറ്റും ലോകത്തിലെ വിവിധ രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധം വിപുലപ്പെടുത്തുന്നതിനുള്ള സന്ദേശം നൽകാനാണ് കപ്പൽ യാത്രയിലൂടെ ശ്രമിക്കുന്നത്.