മീഡിയവൺ മബ്‌റൂക്ക് ഗൾഫ് ടോപ്പേഴ്‌സ് പുരസ്‌കാര വിതരണം: ഒമാനിലെ ആദ്യ ഘട്ടം നാളെ മസ്‌കത്തിൽ
450 വിദ്യാർഥികളെ ആദരിക്കും
മസ്‌കത്ത്: പഠനത്തിൽ മികവ് പുലർത്തുന്ന ജിസിസിയിലെ വിദ്യാർഥികൾക്കുള്ള മീഡിയവണിന്റെ ആദരം തുടരുകയാണ്. യുഎഇയും സൗദിയും ഖത്തറും പിന്നിട്ട മബ്‌റൂക്കിന് ഇനി ഒമാനാണ് വേദിയാകുന്നത്. മീഡിയവൺ മബ്‌റൂക്ക് ഗൾഫ് ടോപ്പേഴ്‌സിന്റെ ഒമാനിലെ പുരസ്‌കാര വിതരണത്തിലെ ആദ്യ ഘട്ടം നാളെ മസ്‌കത്തിൽ നടക്കും. മസ്‌കത്ത് മിഡിൽ ഈസ്റ്റ് കോളേജിൽ നടക്കുന്ന ചടങ്ങിൽ 450ൽ പരം വിദ്യാർഥികളെ ആദരിക്കും. മറ്റന്നാൾ സലാലയിലും പുരസ്‌കാര വിതരണം നടക്കും.
മസ്‌കത്ത് മിഡിൽ ഈസ്റ്റ് കോളേജിൽ വൈകുന്നേരം മൂന്നിന് തന്നെ പുരസ്‌കാര ജേതാക്കളുടെ രജിസ്‌ട്രേഷൻ ആരംഭിക്കും. ചടങ്ങിൽ 450 ൽ പരം വിദ്യാർഥികളെ മീഡിയവൺ ആദരിക്കും. ഒമാൻ തൊഴിൽ മന്ത്രാലയം ഉപദേശകൻ ഡോ സൈഫ് മുഹമ്മദ് അബദുല്ല അൽ ബുസൈദി പരിപാടി ഉദ്ഘാടനം ചെയ്യും. ഗൾഫാർ ഗ്രൂപ്പ് ചെയർമാൻ ഡോ പി. മുഹമ്മദാലി, മീഡിയവൺ സിഇഒ റോഷൻ കക്കാട്ട്, മിഡിൽ ഈസ്റ്റ് കോളേജ് മാനേജിങ് ഡയറക്ടർ ലഫീർ മുഹമ്മദ്, ഒമാൻ ഇന്ത്യൻ സ്‌കൂൾ ബോർഡ് ഓഫ് ഡയറക്ടർ ഡോ. ശിവകുമാർ മാണിക്കം എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
പത്താം ക്ലാസിലും പ്ലസ്ടുവിലും 90 ശതമാനത്തിലേറെ മാർക്ക് നേടിയ വിദ്യാർഥികളെയാണ് ആദരിക്കുന്നത്. ഗൾഫ് ടെകിന്റെ സഹകരണത്തോടെയാണ് മീഡിയവൺ മബ്‌റൂക്ക് ഗൾഫ് ടോപ്പേഴ്‌സ് ഒരുക്കുന്നത്. മബ്‌റൂക്ക് പുരസ്‌കാര ചടങ്ങിന്റെ ഒമാനിലെ മറ്റൊരു വേദി സലാലയാണ്. ഒക്ടോബർ അഞ്ചിന് ലുബാൻ പാലസ് ഹാളിൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ പുരസ്‌കാര വിതരണം നടക്കും.