എം.ടി അനുസ്മരണം ഭാഷാ സ്‌നേഹ പ്രതിജ്ഞാ സംഗമമായി

മക്കളിൽ മലയാള ഭാഷാ സ്‌നേഹം വളർത്താൻ മാതാപിതാക്കൾ ശ്രമിക്കണമെന്നു ഇന്ത്യൻ സ്‌കൂൾ ദാർസൈത്ത് മലയാളം വിഭാഗം മേധാവി കല സിദ്ധാർത്ഥൻ

Update: 2025-01-04 15:45 GMT
Advertising

മസ്‌കത്തിൽ പ്രവാസി വെൽഫെയർ കലാ സാംസ്‌കാരിക വേദി സംഘടിപ്പിച്ച എം.ടി വാസുദേവൻ നായർ അനുസ്മരണ സമ്മേളനം ഭാഷാ സ്‌നേഹ പ്രതിജ്ഞാ സംഗമമായി. മാതൃഭാഷാ സ്‌നേഹം ഉയർത്തിപ്പിടിക്കുന്നത് ഇപ്പോൾ പ്രവാസി കൂട്ടായ്മകൾ ആണെന്നും വളർന്നു വരുന്ന മക്കളിൽ മലയാള ഭാഷാ സ്‌നേഹം വളർത്താൻ മാതാപിതാക്കൾ ബോധപൂർവം ശ്രമിക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ഇന്ത്യൻ സ്‌കൂൾ ദാർസൈത്ത് മലയാളം വിഭാഗം മേധാവി കല സിദ്ധാർത്ഥൻ അഭിപ്രായപ്പെട്ടു. മനുഷ്യ ബന്ധങ്ങളുടെ ആഴവും പരപ്പും തൊട്ടറിഞ്ഞ കഥാപാത്ര സൃഷ്ടിയിലൂടെ സാഹിത്യത്തിലും സിനിമയിലും അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ എംടിക്ക് സാധിച്ചുവെന്നത് മാത്രമല്ല ജാതി മത അതിർവരമ്പില്ലാത്ത വ്യക്തി ബന്ധങ്ങളിലൂടെ ജീവിച്ച് മാതൃക സൃഷ്ടിച്ച് കൊണ്ടാണ് എംടി കടന്ന് പോയതെന്ന് പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് മുനീർ മാസ്റ്റർ അഭിപ്രായപ്പെട്ടു.

കോഴിക്കോട് ആസ്ഥാനമായി വളർന്നുവന്ന എം.ടി, ബഷീർ, എൻ.പി, പൊറ്റക്കാട് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സാഹിത്യകാരൻമാരുടെ കൂട്ടായ്മ മനുഷ്യ സൗഹൃദത്തിന്റെ എക്കാലത്തെയും മാതൃകയാണെന്ന് അർഷദ് പെരിങ്ങാല അഭിപ്രായപ്പെട്ടു. ഇൻഫ്‌ളുവൻസർ റിൻസി വർഗീസ്, സൈദ് അലി ആതവനാട്, തഷ്‌റീന നൈസാൻ എന്നിവർ സിനിമാ വായനാ അനുഭവങ്ങൾ പങ്കുവെച്ചു. എം.ടിയുടെ ജീവിതം സാഹിത്യം സിനിമ എന്നിവ കോർത്തിണക്കി ജാഫർ വളപട്ടണം തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദർശനവും നടന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News