'മസ്കത്ത് യോഗ മഹോത്സവി'ന് തുടുക്കമായി:
‘മസ്കത്ത് യോഗ മഹോത്സവി’ന്‍റെ ഭാഗമായി 75 ദിവസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ ജൂൺ 21വരെ നടക്കും.
എട്ടാമത് അന്താരാഷ്ട്ര യോഗാദിനാചണത്തിന്‍റെ ഭാഗമായി ഒമാനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'മസ്കത്ത് യോഗ മഹോത്സവി'ന് തുടുക്കമായി. ഒമാനിലെ ഇന്ത്യൻ എംബസി പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ അംബാസഡർ അമിത് നാരങ്ങിന്‍റെ പത്നി ദിവ്യ നാരങ് ഭദ്ര ദീപം തെളിയിച്ചു. യോഗയുടെ ആരോഗ്യപരവും മറ്റുമുള്ള കാര്യങ്ങളെ കുറിച്ച് അംബാസഡർ സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രതിനിധികളും ഒമാനിലെ നിരവധി യോഗ സംഘടനകളിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടനത്തിന് ശേഷം യോഗ പ്രദർശനവും നടന്നു. സംസ്‌കൃതി യോഗ, ആർട്ട് ഓഫ് ലിവിങ്, യോഗ ശാല, യോഗ സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള യോഗ വിദഗ്ധർ നേതൃത്വം നൽകി. ഇന്ത്യ സ്വതന്ത്ര്യം നേടിയതിന്‍റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ 'മസ്കത്ത് യോഗ മഹോത്സവി'ന്‍റെ ഭാഗമായി 75 ദിവസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ ജൂൺ 21വരെ നടക്കും. ജൂൺ 21ന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിലായിരിക്കും സുപ്രധാന ആഘോഷങ്ങൾ നടക്കുക. ഒമാൻ ഗവൺമെന്‍റ്, യോഗ സംഘടനകൾ, ഇന്ത്യൻ സോഷ്യൽ ക്ലബ്, ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ, ഒമാൻ ആസ്ഥാനമായുള്ള യോഗ പരിശീലകർ എന്നിവരുടെ പിന്തുണയോടെയായിരിക്കും ഈ പരിപാടി നടത്തുകയെന്ന് അധികൃതർ അറിയിച്ചു.