ഒമാൻ എയറും സലാം എയറും വിപുലമായ കോഡ് ഷെയർ പങ്കാളിത്തം പ്രഖ്യാപിച്ചു
ആദ്യ ഘട്ടം ജൂലൈ നാല് മുതൽ
മസ്‌കത്ത്: ഒമാൻ എയറും സലാം എയറും വിപുലമായ കോഡ് ഷെയർ പങ്കാളിത്തം പ്രഖ്യാപിച്ചു. ആദ്യ ഘട്ടമായി ജൂലൈ നാല് മുതൽ ഒമാൻ എയറിന്റെ നെറ്റ്വർക്കുമായി ബന്ധപ്പെടുന്ന സലാം എയറിന്റെ തിരഞ്ഞെടുത്ത റൂട്ടുകളിൽ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ പിന്നീട് കൂട്ടിച്ചേർക്കും.
ഇരു എയർലൈൻസുകളും തമ്മിലുള്ള പങ്കാളിത്തം ഒമാനിലും പുറത്തും യാത്രക്കാർക്ക് വിപുല യാത്രാ ഓപ്ഷനുകൾ നൽകും. കോഡ്ഷെയർ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഒമാൻ എയർ- സലാം എയർ അധികൃതർ അടുത്തിടെ യോഗം ചേർന്നിരുന്നു. ദേശീയ വിമാനക്കമ്പനികൾ എന്ന നിലയിലുള്ള തങ്ങളുടെ ഭാവി സാധ്യതകളെക്കുറിച്ചും ഒമാന്റെ 2040 വിഷന്റെ ഭാഗമായി രാജ്യത്തിന്റെ ടൂറിസം ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പൊതു പ്രതിബദ്ധതയെക്കുറിച്ചും കൂടിക്കാഴ്ചയിൽ എയർലൈനുകൾ ചർച്ച ചെയ്തു.
വ്യോമയാന വ്യവസായത്തിൽ പൊതുവായുള്ള ഒരു ബിസിനസ്സ് ക്രമീകരണമാണ് കോഡ്ഷെയർ അഥവാ കോഡ്ഷെയർ ഉടമ്പടി. രണ്ടോ അതിലധികമോ എയർലൈനുകൾ ഒരേ ഫ്‌ളൈറ്റ് സ്വന്തം എയർലൈൻ ഡെസിഗിനേറ്ററുടെയും ഫ്‌ളൈറ്റ് നമ്പറിന്റെയും (എയർലൈൻ ഫ്‌ളൈറ്റ് കോഡ്) കീഴിൽ പ്രസിദ്ധീകരിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു. പ്രസിദ്ധീകരിച്ച ടൈംടേബിളിന്റെയോ ഷെഡ്യൂളിന്റെയോ ഭാഗമായാണ് ഇത് ചെയ്യുക.
ഒമാൻ എയറും സലാം എയറും തമ്മിലുള്ള വിപുല കോഡ്ഷെയർ പങ്കാളിത്തത്തിലും ഞങ്ങളുടെ സഹകരണം ശക്തിപ്പെടുത്തുന്നതിലും തങ്ങൾ ആവേശഭരിതരാണെന്ന് ഒമാൻ എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കോൺ കോർഫിയാറ്റിസ് പറഞ്ഞു. കൂടുതൽ സർവീസുകൾ സംയുക്തമായി വാഗ്ദാനം ചെയ്യാൻ കഴിയുമെന്നും വ്യക്തമാക്കി.
ഒമാൻ എയറുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് സലാം എയറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഡ്രിയാൻ ഹാമിൽട്ടൺ-മാൻസ് പറഞ്ഞു.