ഒമാനിൽ പ്ലാസ്റ്റിക് ബാഗ് ഇറക്കുമതി നിരോധിക്കുന്നു; 2023 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും
പുതിയ ഉത്തരവ് പ്രകാരം കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പ്ലാസ്റ്റിക് ബാഗുകള്‍ ഒമാനിലേക്ക് ഇറക്കുമതി ചെയ്യാന്‍ കഴിയില്ല
മസ്‌ക്കത്ത്: ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കുന്നു. 2023 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.
ഒമാനിൽ പുതിയ ഉത്തരവ് പ്രകാരം കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പ്ലാസ്റ്റിക് ബാഗുകള്‍ ഒമാനിലേക്ക് ഇറക്കുമതി ചെയ്യാന്‍ കഴിയില്ല. നിയമം ലംഘിച്ചാല്‍ 1000 റിയാല്‍ പിഴ ഈടാക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ തുക ഇരട്ടിയാകുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.ഒമാനിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധം നടപ്പാക്കുമെന്ന് ഒമാൻ പരിസ്ഥിതി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഒമാനിൽ കട്ടി കുറഞ്ഞ പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധം കഴിഞ്ഞ വർഷം മുതൽ വിജയകരമായി നടപ്പാക്കിയിരുന്നു.
നിലവിൽ രണ്ടും മൂന്ന് പ്രാവശ്യവും ഉപയോഗിക്കാൻ കഴിയുന്ന ബാഗുകളാണ് മാർക്കറ്റിലുള്ളത്. ഇത് കാരണം നശിപ്പിക്കുന്ന പ്ലാസ്റ്റിക് സഞ്ചികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ച് ഒമ്പത് മുതലാണ് ഒമാനിൽ ഒറ്റ ഉപയോഗ പ്ലാസ്റ്റി ബാഗുകൾക്ക് നിരോധം ഏർപ്പെടുത്തിയത്. 50 മൈക്രോണിന് താഴെ വരുന്ന സഞ്ചികൾക്ക് നിരോധം നിലവിൽ വന്നതോടെ വ്യപാര സ്ഥാപനങ്ങൾക്ക് നിലവിലെ സഞ്ചികൾ പൂർണമായി മാറ്റേണ്ടി വന്നിരുന്നു. ഇതോടെ ഉപഭോക്താക്കളിൽനിന്ന് വില ഈടാക്കിയാണ് സഞ്ചികൾ നൽകിയിരുന്നത്.