അൽ അഖ്‌സ മസ്ജിദിലെ ഇസ്രായേൽ സേനയുടെ അതിക്രമം; അപലപിച്ച് ഒമാൻ
ലോകമെമ്പാടുമുള്ള മുസ്‍ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ് ഇസ്രയേല്‍ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Update: 2023-04-06 18:11 GMT
ഇസ്രായേൽ അധിനിവേശ സേന അൽ അഖ്‌സ മസ്ജിദിൽ അതിക്രമിച്ച് കയറി, വിശ്വാസികളെ ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിനെ ഒമാൻ ശക്തമായ ഭാഷയില്‍ അപലപിച്ചു. ലോകമെമ്പാടുമുള്ള മുസ്‍ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ് ഇസ്രയേല്‍ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അന്താരാഷ്ട്ര തത്വങ്ങൾക്കെതിരെ മതവിരുദ്ധവും ഇസ്രായേലിന്‍റെ സ്ഥിരം പ്രകോപനപരവുമായ നടപടികളെ തടയാൻ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് നില്‍ക്കണമെന്നും ഒമാന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. അധിനിവേശം അവസാനിപ്പിച്ച് ന്യായവും സമഗ്രവുമായ സമാധാനം സ്ഥാപിക്കുന്നതിലൂടെ ഫലസ്തീൻ ജനതയെ അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ നേടാൻ പ്രാപ്തരാക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു.