ഒമാനിൽ ഈ വർഷം വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകും
ഒമാനിൽ ഈ വർഷം എത്തിച്ചേരുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്ന് ഫിച്ച് സൊല്യൂഷൻ പുറത്തിവിട്ട കണക്ക്. ഈ വർഷം അവസാനിക്കുമ്പോൾ മുൻ വർഷത്തേക്കാൾ 23.5ശതമാനം വർധനവ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടാകുമെന്ന് കണക്കുകൾ പറയുന്നത്.
ഒമാനിലേക്ക് എത്തുന്ന ആകെ സന്ദർശകരുടെ എണ്ണം ഈ വർഷം 36ലക്ഷത്തിലെത്തുമെന്നാണ് വിലയിരുത്തുന്നത്. സാമ്പത്തിക, സാങ്കേതിക മേഖലകളിൽ വിശദമായ വിലയിരുത്തലുകൾക്ക് ശേഷം കണക്കുകൾ പുറത്തുവിടുന്ന ഫിച്ച് സൊല്യൂഷന് കീഴിലെ ബി.എം.ഐ റിപ്പോർട്ട് പ്രകാരം 2022നെ അപേക്ഷിച്ച് വലിയ കുതിച്ചു ചാട്ടമാണ് ടൂറിസം മേഖലയിൽ ഈ വർഷമുണ്ടാവുന്നത്.
2040ഓടെ പ്രതിവർഷം 1.1കോടി സന്ദർശകരെ ആകർഷിക്കാനായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിനായി മേഖലയിലെ മൊത്തം നിക്ഷേപങ്ങളുടെ അളവ് വർധിപ്പിക്കുന്നതിന് സഹായിക്കുന്ന പുതിയ ടൂറിസം, പൈതൃക പദ്ധതികൾ ആവിഷ്കരിച്ചു വരുന്നുണ്ട്. 2023ന്റെ രണ്ടാം പാദത്തിൽ ടൂറിസം മേഖലയിൽ ഒമാൻ 31 ശതമാനം വളർച്ചയാണ് കൈവരിച്ചത്.