ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്ത് ഓ​പ​ൺ ഫോ​റം ചേ​ർ​ന്നു

നൂറി​ലേറെ രക്ഷിതാക്കൾ പ​ങ്കെടുത്തു

Update: 2024-03-02 18:20 GMT
Advertising

മസ്കത്ത്: നാലു വർഷങ്ങളുടെ ഇടവേളക്ക്​ ശേഷം ഇന്ത്യൻ സ്കൂൾ മസ്കത്തിലെ രക്ഷിതാക്കളുടെ ഓപൺ ഫോറം നടന്നു. നൂറി​ലേറെ രക്ഷിതാക്കൾ പ​ങ്കെടുത്തു. പഠന, പഠനേതര വിഷയങ്ങൾ, സ്കൂൾ ഭരണ നിർവഹണവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും ആശങ്കകളും രക്ഷിതാക്കൾ സ്കൂൾ അധികൃതരുടെ മുന്നിൽ ഉന്നയിച്ചു.

ഓപൺ ഫോറത്തിലേക്കുള്ള ചോദ്യങ്ങൾ മുൻകൂട്ടി ഗൂഗിൾ ഫോം വഴി ക്ഷണിച്ചിരുന്നു​. ഇതിൽനിന്നുള്ള പൊതുവായ ചൊദ്യങ്ങൾക്ക്​ അധികൃതർ മറുപടി നൽകി. സ്കൂളുകകളുടെ ഭൗതിക നിലവാരം ഉയർത്താൻ വാങ്ങുന്ന 10 റിയാൽ ഫീസ്​ ഒഴിവാക്കണമെന്നായിരുന്നു പ്രധാന ആവശ്യങ്ങളിലൊന്ന്​. ഇത്​ ഒഴിവാക്കാൻ മുമ്പ്​ തീരുമാനിച്ചിരുന്നെങ്കിലും നടപ്പിൽ വന്നില്ലെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാണിച്ചു.

ഈ വിഷയത്തിൽ ബോർഡുമായി സംസാരിച്ച്​ ഉചിത തീരുമാനമുണ്ടാക്കാ​മെന്ന്​ ചെയർമാൻ ശിവകുമാർ മാണിക്കം രക്ഷിതാക്കളെ അറിയിച്ചു. സ്കൂൾ ബോർഡിലേക്ക്​ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങ​ളേക്കാൾ നോമിനേറ്റഡ്​ ​മെംബർമാർക്ക്​ അധികാരം നൽകുന്നതാണ് സ്​കൂൾ ബൈലോയലുള്ളത്​.​ ഈ അധികാരം ഉപയോഗിച്ച്​ ഇവർ സ്കൂൾ മാനേജ്​മെന്‍റ്​ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പിൽ ഇ​ടപെടുന്നുണ്ട്​. അതുകൊണ്ടുത​ന്നെ സ്കൂൾ ബൈലോ മാറ്റി എഴുതണമെന്ന നിർദേശവും രക്ഷിതാകൾ മുന്നോട്ടുവെച്ചു.

ഇക്കാര്യത്തിൽ ചില നടപടികളുമായി ബോർഡ്​ മുന്നോട്ടുപോയിട്ടുണ്ടെന്ന്​ അധികൃതർ പറഞ്ഞു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയിലേക്ക്​ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്​ സുതാര്യമാക്കണമെന്നും ഒഴിവുകൾ വരുന്ന ഡൊമൈനുകൾ കൃത്യമായി നോട്ടിഫിക്കേഷനിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. സ്കൂളുകളുടെ ഇൻഷൂറൻസുമായി ബന്ധപ്പെട്ട്​ അന്വേഷണ കമീഷന്‍റെ റിപ്പോർട്ട്​ പുറത്തുവിടണമെന്ന ആവശ്യകതയും രക്ഷിതാക്കൾ ഉന്നയിച്ചു.

ബോർഡുമായി സംസാരിച്ച്​ റിപ്പോർട്ട്​ പുറത്തുവിടുന്നതാണെന്ന് ചെയർമാൻ വ്യക്​തമാക്കി. ഓപൺഫോറം ഇനി മുടങ്ങാതെ കൃത്യമായ ഇടവേളകളിൽ നടത്താനും തീരുമാനമായി. സ്‌കൂളിന്‍റെ തുടർച്ചയായ പുരോഗതിക്കായി സ്‌കൂളും രക്ഷിതാക്കളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയായിരുന്നു ഓപൺഫോറത്തിലൂട ലക്ഷ്യമിട്ടത്​.

കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തൽ, അധ്യാപകർക്ക് പരിശീലന ക്ലാസ്​, ചോദ്യപേപ്പറുകൾ തയാറാക്കുന്നതിലുള്ള സൂക്ഷ്മത, ഗതാഗത സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട താൻ ഉന്നയിച്ച കാര്യങ്ങളിൽ ഉടനടി പരിഹാരമുണ്ടാകുമെന്നാണ്​ കരുതുന്നതെന്ന്​ രക്ഷിതാവായ ഡോ. സജി ഉതുപ്പാൻ പറഞ്ഞു. മികച്ച രീയിൽ ഓപൺഫോറം സംഘടിപ്പിച്ചതിന്​ സ്കൂൾ ബോർഡിനും മാനേജ്​മെന്‍റിനും നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ മാനേജ്​മെന്‍റ്​ കമ്മിറ്റി കൺവീനർ​ ഷറഫുദ്ധീൻ യൂസുഫ് ഓപൺഫോറത്തിന്‍റെ മോഡറേറ്ററായി. പ്രിൻസിപ്പൽ രാകേഷ്​ ജോഷി, ഇന്ത്യൻ സ്കൂൾ ബോർഡ്​ ചെയർമാൻ ശിവകുമാർ മാണിക്കം, വൈസ്​ പ്രസിഡന്‍റ്​ സിയാഹുൽ റഹ്​മാൻ തുടങ്ങിയവർ സംബന്ധിച്ചു. ഇന്ത്യൻ സ്​കൂളുകളിൽ ഓപൺ ഫോറം പുനരാരംഭിക്കലും അക്കാദമികവും മറ്റനുബന്ധ വിഷയങ്ങളും ചൂണ്ടിക്കാട്ടി നിരവധി തവണ വിവിധ രക്ഷിക്കളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഡയറക്ടർ ബോർഡ്‌ ചെയർമാനുമായി ചർച്ച നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാന്​ ഇപ്പോൾ ഓപൺ ഫോറത്തിന്​​ തുടക്കമായത്​. കഴിഞ്ഞ ദിവസം ഇന്ത്യൻ സ്​കൂൾ ദാർസൈത്തിലും ഓപൺഫോറം ചേർന്നിരുന്നു. വരും ദിവസങ്ങളിൽ മറ്റു​ സ്​കൂളുകളിലും ഓപൺ ഫോറങ്ങൾ നടക്കും.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News