മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ വിദ്യാർഥികളെ ക്ലാസിൽ കയറ്റുന്നില്ലെന്ന് രക്ഷിതാക്കളുടെ പരാതി
മസ്‌കത്ത്: ഫീസ് അടക്കാത്തതിനാൽ മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ വിദ്യാർഥികളെ ക്ലാസിൽ കയറ്റുന്നില്ലെന്ന് രക്ഷിതാക്കളുടെ പരാതി. വിവിധ ക്ലാസുകളിലായി പത്തിലധികം വിദ്യാർഥികളുടെ പഠനമാന് ഇതുമൂലം പ്രതിസന്ധിയിലായിരിക്കുന്നത്. ക്ലാസിൽ കയറ്റാത്തതിനാൽ പല വിദ്യാർഥികളും സ്‌കൂളിലേക്ക് പോകുന്നതും നിർത്തിയിട്ടുണ്ട്.
ബിസിനസ് തകർന്നതും മറ്റ് സാമ്പത്തിക പ്രതിസന്ധികളുമാണ് ഫീസടക്കാൻ കഴിയാത്തതെന്ന് രക്ഷിതാക്കൾ പറയുന്നു. ഫീസടച്ച് തീർക്കാൻ കുറച്ചു സമയം നീട്ടിത്തരണമെന്നാണ് സ്‌കൂൾ മാനേജ്‌മെന്റിനോട് ആവശ്യപ്പെടുന്നത്. ഇതിന് സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടിപടി ഉണ്ടാകുന്നില്ല. സംഭവം ഇന്ത്യൻ സ്‌കൂൾ ബോർഡ് ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.ബോർഡ് ചെയർമാൻ സ്‌കൂൾ മാനേജ്‌മെന്റുമായി ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടത്. സാമ്പത്തിക പ്രയാസംമൂലം ഒരു വിദ്യാർഥിയുടെയും പഠനം മുടങ്ങരുതെന്നാണ് ഇന്ത്യൻ സ്‌കൂൾ ബോർഡിന്റെ നയം. എന്നാൽ, ഇതിന് കടക വിരുദ്ധമായാണ് അധികൃതർ പ്രവർത്തിക്കുന്നതെന്നും രക്ഷിതാക്കൾ ആരോപിച്ചു. കോവിഡ് പ്രതിസന്ധിമൂലമുണ്ടായ സാമ്പത്തിക ഞെരുക്കത്തിൽനിന്ന് മലയാളികളടക്കമുള്ള പ്രവാസികൾ പലരും ഇനിയും മോചിതരായിട്ടില്ല.എന്നാൽ, വിദ്യാർഥികളുടെ കാര്യത്തിൽ എല്ലാവിധ മാനുഷിക പരിഗണനയും നൽകുന്നതാണെന്ന് മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ മാനേജ്‌മെൻറുമായി ബന്ധപ്പെട്ടവർ അറിയിച്ചു. ആറ് മാസത്തിന് മുകളിൽവരെ ഫീസടക്കാത്ത വിദ്യാർഥികളുണ്ട്. എല്ലാവരുടെയും കാര്യം അനുഭാവം പൂർവം പരിഗണിച്ച് മുന്നോട്ടുപോകുന്നതാണെന്നും അധികൃതർ അറിയിച്ചു.