ഒമാനിൽ കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട്
കോവിഡ് മൂലം ഏർപ്പെടുത്തിയിരുന്ന ലോക്ഡൗണും യാത്ര നിയന്ത്രണങ്ങളുമാകാം കഴിഞ്ഞ വർഷം അപകടങ്ങൾ കുറയാൻ കാരണമെന്ന് റിപ്പോർട്ട് പറയുന്നു.
ഒമാനിൽ കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ ഗണ്യമായ കുറവുണ്ടായെന്ന് ദേശീയസ്ഥിതി വിവരകേന്ദ്രത്തിന്‍റെ റിപ്പോർട്ട്. കോവിഡ് മൂലം ഏർപ്പെടുത്തിയിരുന്ന ലോക്ഡൗണും യാത്ര നിയന്ത്രണങ്ങളുമാകാം കഴിഞ്ഞ വർഷം അപകടങ്ങൾ കുറയാൻ കാരണമെന്ന് റിപ്പോർട്ട് പറയുന്നു.
2021ൽ ഒമാനിൽ 1,539 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2019ൽ 2,815ഉം 2020ൽ 2,442ഉം ആയിരുന്നു അപകടങ്ങൾ. കഴിഞ്ഞ വർഷം 434 പേർക്കാണ് റോഡപകടങ്ങളിൽ ജീവൻ നഷ്ടമായത്. ഇതിൽ 223 പേർ പുരുഷന്മാരാണ്. 288 സ്വദേശികളും 146 വിദേശികളുമാണ് കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ മരിച്ചത്. കാൽനടയാത്രക്കാരായ 79 പുരുഷന്മാരും 14 സ്ത്രീകളും വാഹനമിടിച്ച് മരിച്ചിട്ടുണ്ട്. അമിതവേഗതയാണ് 233 മരണങ്ങൾക്ക് കാരണം.
അശ്രദ്ധ മൂലം അപകടമുണ്ടായ 62 പേരും ഓവർടേക്കിങ് മൂലം 32 പേരും മുമ്പിൽ പോകുന്ന വാഹനവുമായി സുരക്ഷിത അകലം പാലിക്കാതെ 16 പേരും മോശം പെരുമാറ്റം മൂലം 54 പേരും വാഹനങ്ങളുടെ തകരാർ മൂലം 15 പേരും റോഡിലെ തകരാറുകൾ മൂലം 11 പേരും മരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം 78 പേരാണ് മസ്കത്തിൽ റോഡപകടങ്ങളിൽ മരിച്ചത്.