ഒമാനിൽ രാജകീയ മുദ്ര ഉപയോഗിക്കുന്നതിന് നിയന്ത്രണം
വാണിജ്യ - വ്യവസായ - നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക അനുമതി വാങ്ങാതെ രാജകീയ മുദ്ര ഉപയോഗിക്കാൻ പാടില്ല
മസ്‌കത്ത്: ഒമാനിൽ രാജകീയ മുദ്ര വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് നിയന്ത്രണം. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യ കമ്പനികൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വിവിധ വാണിജ്യ ഉൽപന്നങ്ങൾ എന്നിവയിൽ രാജകീയ മുദ്രകൾ ഉപയോഗിക്കാൻ ഇനി ലൈസൻസ് നേടണം.
വാണിജ്യ - വ്യവസായ - നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക അനുമതി വാങ്ങാതെ രാജകീയ മുദ്ര ഉപയോഗിക്കാൻ പാടില്ല. രാജകീയ മുദ്ര വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് ഉള്ള ലൈസൻസ് മന്ത്രാലയത്തിൽനിന്ന് നേടാം. അനുമതിയില്ലാതെ ഒമാന്റെ പതാകയും ഭൂപടവും ഉപയോഗിച്ചാൽ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രാലയം അറിയിച്ചു. ഒമാന്റെ 52ാം ദേശീയ ദിനം ആഘോഷിക്കാൻ ഒരുങ്ങുന്ന വേളയിലാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.