ഒമാനിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; ടൂറിസം മേഖലയിൽ പുത്തനുണർവ്
ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്
മസ്കത്ത്: ശൈത്യകാലത്തിന്‍റെ ഭാഗമായി സഞ്ചാരികൾ ഒമാനിലേക്ക് വന്ന് തുടങ്ങിയതോടെ ടൂറിസം മേലയിൽ പുത്തനുണർവ്. സീസൺ തുടങ്ങിയതോടെ ഏഷ്യക്കാര്‍ക്ക് പുറമെ യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങളിൽ നിന്നെല്ലാം വിനോദസഞ്ചാരികള്‍ ഒമാനിലേക്ക് എത്തുന്നുണ്ട്.
ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡിന്‍റെ പിടിയലമർന്നതിനാൽ കഴിഞ്ഞ രണ്ടുവർഷമായി ടൂറിസം മേഖലക്ക് ഉണർവ് ഉണ്ടായിരുന്നില്ല. എന്നാൽ, ഇത്തവണ നിയന്ത്രണങ്ങളെല്ലാം എടുത്ത് കളഞ്ഞതോടെ പുത്തൻ ഉണർവാണ് ദൃശ്യമായിട്ടുള്ളത്. ഒമാനിലെത്തുന്ന വിനോദ സഞ്ചാരികളുടെ മനംകവർന്നതാണ് പരമ്പരാഗത മാർക്കറ്റുകളും കോട്ടകളും.
സുൽത്താനേറ്റിന്‍റെ വാസ്തുവിദ്യ വിളിച്ചോതുന്ന കോട്ടകളും ഗോപുരങ്ങളുമെല്ലാം ഇങ്ങോട്ട് ആകർഷിക്കുന്ന ആകർഷിക്കുന്ന ഘടകങ്ങളാണ്.വിവിധ അതോറിറ്റികളുമായും ടൂറിസം കമ്പനികളുമായും ഷിപ്പിങ് ഏജന്റുമാരുമായും സഹകരിച്ച് ടൂറിസം മന്ത്രാലയം നടത്തുന്ന പ്രമോഷന്‍റെ ഭാഗമായി ഇതിനകം നിരവധി ക്രൂസ്കപ്പലുകളാണ് സുൽത്താനേറ്റിന്‍റെ വിവിധ തീരങ്ങളിൽ എത്തിയത്.
പരമ്പരാഗത സൂഖുകളിലൊന്നായ മത്രയിലെത്തിയ സഞ്ചാരികൾ ആഭരണങ്ങളും സുഗന്ധദ്രവ്യങ്ങളും അറബി കുന്തിരിക്കവുമെല്ലാം വാങ്ങിയാണ് മടങ്ങുന്നത് മലയാളികളടക്കമുള്ള മത്രയിലുള്ള വ്യാപാരികൾ പ്രതീക്ഷയോടെയാണ് ഈ സീസണിനെ കാണുന്നത്.