സലാല വാഹനാപകടം: മരിച്ചത് മുംബൈ സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേര്‍
കഴിഞ്ഞ ദിവസം മസ്കത്ത് സലാല റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു
സലാല: കഴിഞ്ഞ ദിവസം മസ്കത്ത് സലാല റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് മുംബൈ വൈശാലി നഗര്‍ സ്വദേശികള്‍. അല്‍ ഖുവൈറിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഷാഹിദ് ഇബ്രാഹിം സയീദ് (48), ഭാര്യ തസ്നീം ഷാഹിദ് സയീദ് (48), മക്കളായ സീഷാന്‍ അലി ഷാഹിദ് സയീദ് (25,) മെഹറിന്‍ സയീദ് (17) എന്നിവരാണ് മരിച്ചത്.
സീഷാന്‍ ബര്‍ക്കയിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു. മെഹ്റിന്‍ ഈ വര്‍ഷമാണ് പ്ലസ് ടു പൂര്‍ത്തിയാക്കിയത്. യമന്‍ സ്വദേശിയും കുട്ടിയും ഉള്‍പ്പെടെ ആറ് പേരാണ് അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായത്. മസ്‌കത്ത് സലാല റൂട്ടിൽ തുംറൈത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ മക്ഷനിലാണ് അപകടമുണ്ടായത്.