മസ്‌കത്ത് വിമാനത്താവളത്തിൽ സ്മാർട്ട് ഇ-ഗേറ്റ് സംവിധാനം ആരംഭിച്ചു
ഡിപ്പാർച്ചർ ഹാളിനും അറൈവൽ ഹാളിനും ഇടയിലായാണ് ഗേറ്റുകൾ സ്ഥിതി ചെയ്യുന്നത്.
മസ്‌കത്ത്: യാത്രക്കാരുടെ രേഖകളുടെ പരിശോധന വേഗത്തിലാക്കുന്നതിന് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ഇ-ഗേറ്റ് സംവിധാനം ആരംഭിച്ചു. റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോടെ ഒമാൻ എയർപോർട്ട്സാണ് ഗേറ്റുകൾ സ്ഥാപിച്ചത്. ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായി യാത്രാ നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനാണ് ഇ-ഗേറ്റുകൾ സ്ഥാപിച്ചത്.
യാത്രക്കാർക്ക് വേഗത്തിലും സുരക്ഷിതമായും സ്വയം സേവനം നൽകുന്നതിനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നതെന്ന് ഓമാൻ എയർപോർട്ട്‌സ് സിഇഒ ഷെയ്ഖ് അയ്മൻ ബിൻ അഹ്‌മദ് ബിൻ സുൽത്താൻ അൽ ഹോസ്‌നി പറഞ്ഞു. യാത്രക്കാരുടെ യാത്രാ രേഖകൾ പരിശോധിച്ച് ബയോമെട്രിക് വിരലടയാളവുമായി താരതമ്യം ചെയ്യുന്ന പ്രക്രിയ വേഗത്തിലാക്കുന്നതാണ് പുതിയ ഇലക്ട്രോണിക് ഗേറ്റുകൾ. യാത്രക്കാരന്റെ മുഖസവിശേഷതകൾ സ്‌കാൻ ചെയ്ത് റോയൽ ഒമാൻ പൊലീസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത ബയോമെട്രിക് വിരലടയാളവുമായി താരതമ്യം ചെയ്യുന്ന രീതിയാണുണ്ടാവുക.
ഡിപ്പാർച്ചർ ഹാളിനും അറൈവൽ ഹാളിനും ഇടയിലായാണ് ഗേറ്റുകൾ സ്ഥിതി ചെയ്യുന്നത്. യാത്രക്കാരന്റെ പ്രതികരണ വേഗത, ഗേറ്റിനുള്ളിൽ നിൽക്കുന്ന രീതി, മുഖസവിശേഷതകൾ രേഖപ്പെടുത്തുന്നതിനായി ക്യാമറയിലേക്ക് നോക്കുന്ന രീതി തുടങ്ങിയ പ്രവർത്തന ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഗേറ്റിന്റെ പ്രവർത്തന ശേഷി. പൊതുവെ ഡിപ്പാർച്ചർ ഹാളിലെ ആറ് ഗേറ്റുകൾക്ക് ഒരു മണിക്കൂറിൽ 1000-ത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയും. അതേസമയം അറൈവൽ ഹാളിലെ 12 ഗേറ്റുകൾക്ക് ദിവസം 24,000-ത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കും.