മനുഷ്യനെന്ന നിലയിൽ ഫലസ്തീനികൾക്കൊപ്പം നിന്നേ തീരൂ: പി. സുരേന്ദ്രൻ
അതിജീവിനത്തിനായി പോരാടുന്ന ഫലസ്തീനികൾക്കൊപ്പം ചേർന്ന് നിന്നേ മതിയാകൂവെന്ന് പ്രഖുഖ സാഹിത്യകാരൻ പി.സുരേന്ദ്രൻ പറഞ്ഞു. അവരുടെ കണ്ണീരിനൊപ്പം നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ മനുഷ്യനെന്ന നിലയിലുള്ള നമ്മുടെ അന്തസ്സ് നഷ്ടപ്പെട്ട് പോകും.
അതിന് കൂടുതൽ പിന്തുണ ഉണ്ടാക്കിയെടുക്കൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. രിസാല സ്റ്റഡി സർക്കിൾ സലാലയിൽ സംഘടിപ്പിച്ച സാഹിത്യോത്സവിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫലസ്തീനിലെ കുട്ടികൾ അത്ഭുതമാണ്. ഒരു യുദ്ധത്തിലും ആരും ജയിക്കുന്നില്ല. താൻ ഒരു കറകളഞ്ഞ അഹിംസ വാദിയാണ്.
ഹിംസയോടെന്നും കലഹിച്ച് പോന്നിട്ടുണ്ട്. ഇത് ഒരു കെട്ട കാലമാണെന്നും എന്നാൽ വെളിച്ചത്തിന്റെ ഒരു കാലം കടന്നു വരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യം മനുഷ്യനെ കൂടുതൽ കൂടുതൽ നന്മകളിലേക്ക് നയിക്കുമെന്നും അതിനാൽ സാഹിത്യോത്സവ് പ്രസരിപ്പിക്കുന്നത് വലിയ നന്മയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.എസ്.എഫ് തനിക്ക് നൽകിയ അവാർഡിനെ ഹ്യദയത്തോട് ചേർത്ത് വെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്കാരങ്ങളെ കുറിച്ച് പഠിക്കണം, അത് മനുഷ്യനെ വിശാല ഹ്യദയനാക്കും. ദോഫാറിനെകുറിച്ചുള്ള പുസ്തക രചന പൂർത്തിയാക്കാൻ ഈ യാത്ര ഉപകരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങിൽ ആർ.എസ്.സിയുടെ ഉപഹാരം അദ്ദേഹത്തിന് കൈമാറി. ഷഹനോത്തിലെ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ നൂറു കണക്കിനാളുകൾ സംബന്ധിച്ചു.