വിദേശ രാജ്യത്തെ ആദ്യ ചിന്തൻ ശിബിരം ഒമാനിൽ നടന്നു
സലാല മുതൽ മത്ര വരെയുള്ള എട്ട് റീജനൽ കമ്മിറ്റികളിൽ നിന്ന് 169 പ്രതിനിധികൾ
മസ്കത്ത്: വിദേശത്തെ ആദ്യ ചിന്തൻ ശിബിരം ഒ.ഐ.സി.സി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. സലാല മുതൽ മത്ര വരെയുള്ള എട്ട് റീജനൽ കമ്മിറ്റികളിൽ നിന്ന് 169 പ്രതിനിധികൾ പങ്കെടുത്തു. റൂവിയിലെ സി.ബി.ഡി സ്റ്റാർ ഓഫ് കൊച്ചിൻ സമ്മേളന ഹാളിൽ നടന്ന പരിപാടിയിൽ ഒ.ഐ.സി.സിയുടെ പുതിയ ദേശീയ, റീജനൽ കമ്മിറ്റി ഭാരവാഹികൾ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ഒ.ഐ.സി.സി ഒമാൻ ദേശീയ പ്രസിഡന്റ് സജി ഔസേഫ് ആമുഖപ്രസംഗം നടത്തി. പങ്കെടുത്ത പ്രതിനിധികൾക്കുള്ള സർട്ടിഫിക്കറ്റ് ചിന്തൻ ശിബിരം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എൻ.ഒ. ഉമ്മൻ വിതരണം ചെയ്തു. കലാകാലങ്ങളായി പ്രവാസികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹരമാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് ഒ.ഐ.സി.സി/ ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ള പറഞ്ഞു.
'പ്രവാസികളും കോൺഗ്രസും' എന്ന വിഷയത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യൻ ക്ലാസ്സെടുത്തു. രാജ്യത്തിന്റെ ജനാധിപത്യ-മതേതരത്വ അസ്തിത്വത്തെ കശാപ്പുചയ്ത്, നാമറിയാതെ നമ്മുടെ രാജ്യത്തെ ഏകാധിപത്യ കിരാത ഭരണസംവിധാനങ്ങളിലേക്ക് പരിവർത്തനപ്പെടുത്താനുള്ള ഗൂഢതന്ത്രങ്ങളുടെ ആവിഷ്കാരമാണ് ഇന്ന് രാജ്യത്ത് നടപ്പിലാക്കപ്പെടുന്നതെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ദേവരാജൻ തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. സ്ഥാനമാനങ്ങൾ കിട്ടാത്തതിന്റെ പേരിൽ കോൺഗ്രസ് വിട്ടുപോകുന്നവർ ഇത്രയും നാൾ സ്നേഹിച്ചത് പ്രസ്ഥാനത്തെയല്ല പദവിയെയാണ് എന്ന് തെളിയിച്ചിട്ടാണ് പോകുന്നതെന്നും ഇത്തരക്കാരുടെ കൊഴിഞ്ഞുപോക്ക് ഒരുതരത്തിലും പാർട്ടിയെ ബാധിക്കില്ലെന്നും കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ 'കോൺഗ്രസും യുവജനങ്ങളും എന്ന വിഷയം' അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും ചിന്തൻ ശിബിരം ജനറൽ കൺവീനറുമായ ബിന്ദു പാലയ്ക്കൽ സ്വാഗതവും സെക്രട്ടറി ഡോ. നാദിയ അൻസാർ നന്ദിയും പറഞ്ഞു.റീജനൽ കമ്മിറ്റി പ്രസിഡന്റുമാരായ മുഹമ്മദ് കുട്ടി ഇടക്കുന്നം, അജോ കട്ടപ്പന, സന്തോഷ് കുമാർ, സതീഷ് കുമാർ നൂറനാട്, ജാക്സൺ ഏബ്രഹാം, ടി.എസ്. ഡാനിയേൽ, റെജി മണർകാട്, ശ്രീധർ ബാബു, ജോസഫ് വലിയവീട്ടിൽ, റെജി പുനലൂർ, റെജി ഇടിക്കുള, സജി ഇടുക്കി, നൗഷാദ് കാക്കടവ്, ജോർജ് കുണ്ടറ, തോമസ് മാത്യു, സലിം മുതുവമ്മേൽ, മാത്യു മെഴുവേലി, റെജി കെ. തോമസ്, റിസ്വിൻ ഹനീഫ, മറിയാമ്മ, മുംതാസ് സിറാജ് എന്നിവർ നേതൃത്വം നൽകി.