മലയാള വിഭാഗം സലാലയില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലയാള വിഭാഗം സലാലയില്‍ വിപുലമായി ഓണാഘോഷം സംഘടിപ്പിച്ചു. ‘ഓണ സ്മൃതി 2023’ എന്ന പേരില്‍ ക്ലബ്ബ് മൈതാനിയില്‍ നടന്ന പരിപാടി ഘോഷയാത്രയോടെയാണ് ആരംഭിച്ചത്. ചെണ്ട വാദ്യവും താലപ്പൊലിയും പുലികളിയും ഘോഷയാത്രക്ക് പൊലിമയേകി. മലയാള വിഭാഗം അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളുമാണ് ഘോഷയാത്രയിൽ പങ്കെടുത്തത്.
സാംസ്കാരിക സമ്മേളനം ഐ.എസ്.സി പ്രസിഡൻറ് രാകേഷ് ജാ ഉദ്ഘാടനം ചെയ്തു. മലയാളം വിഭാഗം കൺവീനർ എ പി കരുണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ സനാതനൻ, സ്വദേശി പ്രമുഖരായ ഉമര്‍ ഹുസൈൻ അൽ ബറാമി, ഹാമർ അല്‍ കതീരി എന്നിവരും പങ്കെടുത്തു.
സോഷ്യൽ ക്ലബ്ബ് ഭാരവാഹികളായ സന്ദീപ് ഹോജ, സണ്ണി ജേക്കബ്, രാജശേഖരൻ ഹരികുമാർ ചേർത്തല ,രമേശ് കുമാർ ,രഞ്ജിത് സിങ് ,സുവർണ എന്നിവര്‍ സംബന്ധിച്ചു. മുന്‍ കണ്‍വീനര്‍മാരായ ഡോ. നിസ്താർ, സി.വി സുദർശൻ, വി.ജി ഗോപകുമാർ, ഹംദാൻ എക്സ്ചേഞ്ച് ജനറൽ മാനേജർ രാജേഷ് പയ്യന്നൂർ എന്നിവർ സംസാരിച്ചു. കോ കൺവീനർ റഷീദ് കൽപ്പറ്റ സ്വാഗതവും ട്രഷറർ സജീബ് ജലാൽ നന്ദിയും പറഞ്ഞു.
വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും നടന്നു. എക്സിക്യൂട്ടീവ് അംഗങ്ങളായ ഡെന്നി ജോൺ, പ്രശാന്ത് നമ്പ്യാർ, മണികണ്ഠൻ, ഷജിൽ, ദിൽരാജ്, പ്രിയ ദാസ് എന്നിവര്‍ നേതൃത്വം നൽകി. നൂറ് കണക്കിനാളുകള്‍ ആഘോഷ പരിപാടിയില്‍ സംബന്ധിച്ചു.