സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി ഇനി ഒരു വർഷത്തിൽ കൂടുതൽ നീട്ടാം

ഒമാനിൽ നേരത്തെ സ്വകാര്യ വഹനങ്ങൾക്കുള്ള രജിസ്ട്രേഷൻ ഒരു വർഷത്തേക്കായിരുന്നു നൽകിയിരുന്നത്

Update: 2024-05-19 17:54 GMT
Advertising

മസ്‌കത്ത്: ഒമാനിൽ സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി ഇനി ഒരു വർഷത്തിൽ കൂടുതൽ നീട്ടാം. വർഷംതോറും പരിശോധന ആവശ്യമില്ലാത്ത വാഹനങ്ങൾക്ക്, ഒരു വർഷത്തിൽ കൂടുതൽ ഇൻഷൂറൻസ് കാലാവധിയുണ്ടെങ്കിൽ കാലാവധി നീട്ടിക്കൊടുക്കുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

ഒമാനിൽ നേരത്തെ സ്വകാര്യ വഹനങ്ങൾക്കുള്ള രജിസ്ട്രേഷൻ ഒരു വർഷത്തേക്കായിരുന്നു നൽകിയിരുന്നത്. അംഗീകൃത നയതന്ത്ര, കോൺസുലാർ ബോഡികളുടെയും സംഘടനകളുടെയും സർക്കാർ വാഹനങ്ങൾക്കും രണ്ട് വർഷത്തേക്കുമായിരുന്നു രജിസ്ട്രേഷൻ അനുവദിച്ചിരുന്നത്. കാലാവധി മാനദണ്ഡത്തിൽ നിന്ന് കൃഷിക്ക് ഉപയോഗിക്കുന്ന ട്രാക്ടറുകളെ ഒഴിവാക്കിയിട്ടുണ്ട്. ട്രാഫിക് നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ഹസൻ ബിൻ മുഹ്സെൻ അൽ ശറൈഖിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിൻറെ അടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരും. റോയൽ ഒമാൻ പോലീസ് വാഹന പരിശോധനക്കിടെ ലൈസൻസോ മുൽക്കിയയോ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ഇനി ബ്ലാക്ക് പോയൻറുകളും രേഖപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ഈ ലംഘനങ്ങൾക്ക് മുമ്പ് മൂന്ന് ബ്ലാക്ക് പോയൻറുകളായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അതേസമയം, പിഴ കൂടി ചുമത്തും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News